Wednesday, May 15, 2024
spot_img

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം; കൃത്യമായ നിലപാട് പറയാതെ വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: രണ്ടാം അലോട്ട്മെന്റും കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ ആവശ്യത്തിനില്ലെന്ന യാഥാർത്ഥ്യം ഒളിച്ചുവക്കാനാവാത്ത സ്ഥിതിയാണ്. വീടിനടത്തുള്ള സ്കൂളിൽ എല്ലാവർക്കും പ്രവേശനം കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സപ്ളിമെന്ററി അലോട്ട്മെന്റിന് ശേഷം ജില്ലാടിസ്ഥാനത്തിൽ വിഷയം പരിശോധിക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഇപ്രാവശ്യം എ പ്ലസിൻ്റെ എണ്ണം കൂടുതലാണെന്നും അത് മനപ്പൂർവ്വം കൂട്ടിക്കൊടുത്തല്ലെന്നും വിദ്യാഭ്യാസ മന്ത്രി സഭയിൽ വിശദീകരിച്ചു. കൊവിഡ് കാലഘട്ടമാണ്, പാഠപുസ്തകം മുഴുവൻ പഠിക്കണമെന്ന് പറയാൻ പറ്റില്ലല്ലോ. നമ്മുടെ മക്കളാണ് അവ‍ർ. അത് കൊണ്ട് ഫോക്കസ് ഏരിയ കൊടുത്തു. അത് നന്നായി പഠിച്ച് കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എ പ്ലസിന്റെ എണ്ണം കൂടി. വീടിനടുത്ത് തന്നെ സീറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും, അത് സപ്ലിമെന്ററി ലിസ്റ്റ് വരുമ്പോഴേക്ക് പരിഹരിക്കാൻ ശ്രമിക്കുന്നു. ഇതായിരുന്നു മന്ത്രിയുടെ മറുപടി.

വിഷയത്തിൽ ഉത്കണ്ട വേണ്ടെന്നാണ് മന്ത്രി പറയുന്നത് പക്ഷേ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയായിട്ടും സീറ്റ് കൂട്ടുന്നതിനും പുതിയ ബാച്ച് അനുവദിക്കുന്നതിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരാതി പ്രളയമാണ്.

രണ്ടാംഘട്ട അലോട്ട്മെന്റ് തീർന്നപ്പോൾ മെറിറ്റ് സീറ്റിൽ ബാക്കിയുള്ളത് 655 സീറ്റ് മാത്രമാണ്. എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പുറത്തായ സ്ഥിതി. വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്.

അൺഎയ്ഡഡ്, മാനേജ്മെന്റ് മേഖലകളിലും വൊക്കേഷണൽ ഹയർസെക്കണ്ടറി, പോളി ടെക്നിക്കുകളിലും സീറ്റ് ഒഴിവുണ്ടെന്നുമാണ് മന്ത്രിയുടെ വാദം. അതേസമയം പുതിയ ബാച്ച് അനുവദിക്കുന്നതിലോ സീറ്റ് കൂട്ടുന്നതിലോ ഒരു നിലപാടും ഇത് വരെ മന്ത്രി വ്യക്തമാക്കിയിട്ടുമില്ല.

കിട്ടിയ എ പ്ലസുകളുടെ എണ്ണമടക്കം ചൂണ്ടിക്കാട്ടിയാണ് പലരും ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ സങ്കടമറിയിക്കുന്നത്. അതേസമയം മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് കടക്കാനാണ് സർക്കാരിന്റെ നീക്കം. പക്ഷേ സീറ്റ് കിട്ടാതെ ഓപ്പൺ സ്കൂളിലേക്ക് മാറേണ്ട അവസ്ഥയിലാണ് ബഹുഭൂരിപക്ഷം കുട്ടികളും.

Related Articles

Latest Articles