Friday, April 26, 2024
spot_img

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും ഇന്ന് റെഡ് അലർട്ട് ആണ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്.

മലയോര മേഖലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലും കനത്ത മഴയാണ് തുടരുന്നത്. ഇവിടെ നെടുപ്രംചാലിൽ ഉരുൾപൊട്ടി ഒരു കുട്ടിയെ കാണാതായി. പേരാവൂർ വെള്ളറ കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി.

കോട്ടയം തീക്കോയി മാർമല-അരുവിഭാഗത്ത് കൊട്ടുക്കപള്ളി എസ്റ്റേറ്റിൽ ഉരുൾപൊട്ടി. റബർ തോട്ടത്തിലാണ് ഉരുൾ പൊട്ടിയത്. മീനച്ചിലാറ്റിലേക്കാണ് ഉരുൾ പതിച്ചത്. ആൾത്താമസമില്ലാത്ത പ്രദേശമായതിനാൽ അപകടങ്ങളില്ല. അതേസമയം കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

 

Related Articles

Latest Articles