Friday, April 26, 2024
spot_img

മികച്ച താരങ്ങള്‍ ആരെന്ന് ഇന്നറിയാം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 119 ഓളം ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചവയിൽ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആർ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദർശന്റെ മരക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ മുന്നിലുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനിമകൾ കണ്ടു കഴിഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സൗബിൻ ഷാഹിർ, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ൻ നിഗം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്.

അതേസമയം ഉയരെയിലൂടെ വീണ്ടു പാർവതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പ്രതി പൂവൻകോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്.

Related Articles

Latest Articles