Monday, May 13, 2024
spot_img

സർക്കാരിന് വീണ്ടും തിരിച്ചടി; നവോത്ഥാന സംരക്ഷണസമിതി സി.പി.എമ്മിനെ കൈവിടുന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പാർട്ടിക്കും സർക്കാരിനും പിന്തുണയുമായിനിന്ന ഹിന്ദുസമുദായ സംഘടനകളുടെ കൂട്ടായ്മയായ നവോത്ഥാന സംരക്ഷണസമിതിയും സി.പി.എമ്മിനെ കൈവിടുന്നു. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന് ‘ശബരിമല’യാണ് കാരണമെങ്കിൽ ഇനി സി.പി.എമ്മിനെ വിശ്വസിച്ച് കൂടെനിൽക്കുന്നതിൽ കാര്യമില്ലെന്നാണ് സമിതി നേതാക്കളുടെ നിലപാട്.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ പ്രതിഷേധം സർക്കാർവിരുദ്ധസമരമായി മാറിയപ്പോഴാണ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് നവോത്ഥാന സംരക്ഷണസമിതി രൂപവത്കരിച്ചത്. ശബരിമലവിഷയത്തിൽ ബി.ജെ.പി.യും കോൺഗ്രസും ഉയർത്തിയ പ്രതിഷേധത്തെ സർക്കാർ നേരിട്ടതും ഈ സമിതിയെ മുൻനിർത്തിയാണ്. അയ്യപ്പജ്യോതിക്ക് ബദലായി വനിതാമതിൽ തീർത്തതും ഈ സമിതിയുടെ പേരിലാണ്. അതാവട്ടെ, രാഷ്ട്രീയമായി ഇടതുമുന്നണിയെ സഹായിക്കുന്നതായിരുന്നു.

ചെറുതും വലതുമായ 174 ഹിന്ദുസമുദായസംഘടനകൾ ചേർന്നതാണ് സമിതി. ഇതിലേറെയും പിന്നാക്കവിഭാഗത്തിലുള്ളതാണ്. ശബരിമല ഒരു വിശ്വാസപ്രശ്നമായി വളർന്നപ്പോൾ, അതിനെ എതിർക്കുന്ന നിലപാട് സ്വീകരിക്കാൻ ഇതിലെ പല സംഘടനകൾക്കും വിമുഖതയുണ്ടായിരുന്നു; പ്രത്യേകിച്ച് സ്ത്രീകൾക്ക്.

സർക്കാരും സി.പി.എമ്മും ഇക്കാര്യത്തിലെടുക്കുന്ന നിലപാടും പിന്തുണയും വിശദീകരിച്ചാണ് അവരുടെ നിലപാട് മാറ്റിയെടുത്തത്. വിശദീകരണത്തിനായി ജില്ലാതലത്തിൽ സ്ത്രീകളുടെ പ്രത്യേക യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആ നിലപാടിൽനിന്ന് സി.പി.എം. മാറുന്നത് വിശ്വാസവഞ്ചനയാണെന്നാണ് സമിതി നേതാക്കൾ പറയുന്നത്. ദളിത് വോട്ടുകൾ ഇടതുമുന്നണിക്ക്‌ അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്നാണ് സമിതി നേതാക്കളുടെ വിലയിരുത്തൽ.

നവോത്ഥാനസമിതി രാഷ്ട്രീയമായി പ്രവർത്തിച്ചിട്ടില്ലെങ്കിലും ഇതിൽപ്പെട്ട സമുദായ സംഘടനകൾ ഇടതുമുന്നണിക്കുവേണ്ടി പ്രവർത്തിച്ചു. പത്തനംതിട്ട മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ യുവാക്കൾ ബി.ജെ.പി. അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ അതുതടയാൻ ഈ സംഘടനകൾക്കായി. ശബരിമലവിഷയം ബി.ജെ.പി.ക്ക് അനുകൂലമായി മാറാതിരുന്നത് നവോത്ഥാന സമിതിയുടെ പ്രവർത്തനം കാരണമാണെന്നും സമിതി വിജയമായിരുന്നുവെന്നാണ് നേതാക്കളുടെ അവകാശവാദം.

Related Articles

Latest Articles