Friday, May 10, 2024
spot_img

കെ പി എ സി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിച്ചു: സംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍; നടിയ്ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച മലയാളത്തിലെ മഹാനടി കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ചത്.

തുടർന്ന് മമ്മൂട്ടിയും ജയസൂര്യയും അടക്കമുള്ള താരങ്ങൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. നേരത്തെ മോഹൻലാൽ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.

11.15 ഓടെയാണ് മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. താരങ്ങളും അമ്മ സംഘടനയിലെ ഭാരവാഹികളും വിലാപയാത്രയെ അനുഗമിച്ചു. തുടർന്ന് ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് പൊതു ദര്‍ശന വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സകലഭാവവും ഉൾകൊണ്ട ഈ അഭിനേത്രിക്ക് സിനിമ ഒരു വരുമാന മാർഗം ആയിരുന്നില്ല ജീവിതം തന്നെ ആയിരുന്നു. തുടർന്ന് എഴുന്നൂറിലേറെ സിനിമകളിൽ നിറഞ്ഞാടിയ മഹാപ്രതിഭയായിരുന്നു കെപിഎസി ലളിത. ഭാവത്തിലും നോട്ടത്തിലും ചിരിയിലും കഥാപാത്രങ്ങൾ വിരിയുന്ന കെപിഎസി ലളിതയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി.

ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി.

ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

Related Articles

Latest Articles