Monday, April 29, 2024
spot_img

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ അശോകസ്തംഭം: കരകൗശല വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യയില്‍ മറ്റൊരിടത്തും ഇതിന് സമാനമായൊരു സൃഷ്ടി ഇല്ല; അറിയാം അശോകൻ സ്തംഭത്തിന്റെ പ്രത്യേകതകൾ

ദില്ലി; രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തതുമുതൽ വിമർശനങ്ങളുമായി നിരവധിപേർ രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് ചർച്ചയായി കൊണ്ടിരിക്കുന്ന ഈ സ്തൂപത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് നോക്കാം.

16,000 കിലോഗ്രാം ഭാരവും 6.5 മീറ്റര്‍ ഉയരവുമുള്ള അശോക സ്തംഭം വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മെറ്റീരിയലിന്റെയും കരകൗശല വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ മറ്റൊരിടത്തും ഇതിന് സമാനമായൊരു സൃഷ്ടി ഉണ്ടാവില്ലെന്ന് തന്നെ പറയാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100ലധികം കരകൗശല വിദഗ്ധര്‍ ചേര്‍ന്ന് ആറുമാസത്തിലേറെ സമയമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. നിലത്ത് നിന്ന് 32 മീറ്റര്‍ ഉയരത്തിലായതിനാല്‍ ഇത് സ്ഥാപിക്കുന്നതും വലിയ രീതിയിൽ വെല്ലുവിളി ഉയർത്തിയിരുന്നു.

ഇത്തരം ഒരു സൃഷ്ടിയ്ക്ക് അര്‍പ്പണബോധവും സൂക്ഷ്മമായ മേല്‍നോട്ടവും വളരെയധികം ആവശ്യമാണ്. അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്ന വിധം ആയിരുന്നു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ ദേശീയ ചിഹ്നം സ്ഥാപിക്കുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ ‘ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍’ എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു.

സാരനാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന അശോക സ്തൂപത്തിന്റെ രൂപത്തിലുള്ളതാണ് ഈ ദേശീയ ചിഹ്നം. സ്തൂപത്തില്‍ നാല് സിംഹങ്ങളെ വൃത്താകൃതിയിലുള്ള അബാക്കസില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആന, കുതിര, കാള, സിംഹം എന്നിവയുടെ രൂപങ്ങളും സ്തൂപത്തിലുണ്ട്.

ഒരു കമ്പ്യൂട്ടർ ഗ്രാഫിക് സ്‌കെച്ച്‌ ഉണ്ടാക്കി, അതിനെ അടിസ്ഥാനമാക്കി ഒരു കളിമണ്‍ മാതൃകയാണ് ആദ്യം സൃഷ്ടിച്ചത്. ഈ മാതൃക അധികൃതര്‍ അംഗീകരിച്ചു കഴിഞ്ഞ ശേഷം എഫ്പിആര്‍ മോഡല്‍ നിര്‍മ്മിച്ചു. മോഡലില്‍ നിന്ന് ഒരു മോൾഡും തയ്യാറാക്കി. തുടര്‍ന്ന് ഈ മോള്‍ഡിന്റെ ഉള്‍ഭാഗം അവസാനം ആവശ്യമുള്ള വെങ്കലത്തിന്റെ കനത്തില്‍ ഉരുകിയ മെഴുക് ഉപയോഗിച്ച്‌ ബ്രഷ് ചെയ്തു. തുടര്‍ന്ന് മോള്‍ഡ് നീക്കം ചെയ്ത ശേഷം, മെഴുക് ഷെല്‍ മറ്റൊരു മിശ്രിതം കൊണ്ട് നിറച്ചു.

കാസ്റ്റിംഗ് സമയത്ത് വെങ്കലം ഒഴിക്കുന്നതിനുള്ള മെഴുക് ട്യൂബുകളും പ്രക്രിയയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങള്‍ക്കു പുറത്തുകടക്കാനുള്ള പാതകളും മെഴുക് ഷെല്ലിന്റെ പുറത്ത് ഘടിപ്പിച്ചിരുന്നു. കൂടുതല്‍ ഉറപ്പിനായി മെറ്റല്‍ പിന്നുകള്‍ ഷെല്ലിലൂടെ അടിച്ചുകയറ്റി. അടുത്തതായി, തയ്യാറാക്കിയ മെഴുക് ഷെല്‍ ചൂടിനെ പ്രതിരോധിക്കുന്ന ഫൈബര്‍ പാളികളാല്‍ പൊതിഞ്ഞു. തുടര്‍ന്ന് മുഴുവന്‍ ഒരു ചൂളയില്‍ വച്ചു.

ഇത് ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റര്‍ ഉണങ്ങുകയും മെഴുക് പുറത്തേക്ക് പോകുകയും ചെയ്തു. പ്ലാസ്റ്റര്‍ മോള്‍ഡ് പിന്നീട് മണലില്‍ പൊതിഞ്ഞതിന് ശേഷം, ഉരുകിയ വെങ്കലം ഒഴിച്ച്‌ നിറക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇത് തണുത്തതിന് ശേഷം പുറത്തെ പ്ലാസ്റ്ററും കാമ്പും നീക്കം ചെയ്തു. വെങ്കലത്തിന് ഫിനിഷിംഗ് ടച്ചുകള്‍ നല്‍കി.

പ്രതിമ നല്ല മിനുസമുള്ളതാക്കി മാറ്റി. തിളക്കം മങ്ങാതെ ഇരിക്കാന്‍ പോളിഷിംഗ് കോട്ടും അടിച്ചു. ഇവിടെ ലോഹത്തിന്റെ തിളക്കം എടുത്ത് കാട്ടാന്‍ പ്രത്യേകിച്ച്‌ പെയിന്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

 

Related Articles

Latest Articles