Tuesday, April 30, 2024
spot_img

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരം: നോമിനേഷന്‍ ക്ഷണിച്ചു; മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021 -ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോമില്‍ നോമിനേഷന്‍ ക്ഷണിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം പുരസ്‌കാരങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. അതിനു പകരം മറ്റൊരാള്‍ക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മദ്ധ്യേപ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.

സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, എന്നീ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും.

അവസാന തീയതി ആഗസ്റ്റ് 15. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോമും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭ്യമാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksywb.kerala.gov.in.

Related Articles

Latest Articles