Friday, May 17, 2024
spot_img

ജി20 ഉച്ചകോടിയ്ക്ക് വേദിയാകാന്‍ കൊച്ചിയും: സൗകര്യങ്ങളില്‍ തൃപ്തികരമെന്ന് വിദേശകാര്യ മന്ത്രാലയ സംഘം; മന്ത്രിതല യോഗത്തിന് വേദിയാകാന്‍ ഗുജറാത്തും പരിഗണനയിൽ

തിരുവനന്തപുരം: ഒരു ആഗോള ഉച്ചകോടിക്ക് ആദ്യമായി കേരളം വേദിയാകുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച് ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന 2023-ലെ ജി20 ഉച്ചകോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിക്കുന്നു.

അതേസമയം 2023ല്‍ ദില്ലിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികള്‍ രാജ്യത്തൊട്ടാകെ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സെമിനാര്‍ നടത്താന്‍ കൊച്ചിയും പരിഗണിക്കപ്പെടുന്നത്. വേദിയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘം കൊച്ചിയിലെത്തി മടങ്ങി. തുടർന്ന് സംഘം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചു. കൊച്ചിയിലെ സൗകര്യങ്ങളില്‍ ഈനം ഗംഭീറും സംഘവും തൃപ്തരാണെന്നാണ് സൂചനകള്‍.

ഈ വർഷം ഡിസംബറിലാണ് ഇന്‍ഡോനേഷ്യയില്‍ നിന്ന് ജി-20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുക. അടുത്ത വര്‍ഷം നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട് 200 ഓളം കൂടിക്കാഴ്ചകള്‍ക്കും യോഗങ്ങള്‍ക്കും ഇന്ത്യ ആതിഥ്യംവഹിക്കേണ്ടതുണ്ട്.

ഇതിനായി വിദേശകാര്യ മന്ത്രാലയ സംഘം ഈ മാസം 21,22 തിയതികളിലാണ് കൊച്ചിയിലെത്തി അവലോകനം നടത്തിയത്. യോഗത്തിനു യോജിച്ച വേദികള്‍, ഹോട്ടലുകള്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. തുടർന്ന് ഉച്ചകോടിക്ക് വേണ്ട എന്ത് സൗകര്യവും ഒരുക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. യോഗങ്ങളുടെ മേല്‍നോട്ട ചുമതല വിദേശകാര്യമന്ത്രാലയത്തിനാണ്.

കൊച്ചിക്കൊപ്പം ഗുജറാത്തിനെയും മന്ത്രിതല യോഗത്തിന് വേദിയാകാന്‍ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ് എടുക്കുക. യോഗത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, വര്‍ക്കിങ് ഗ്രൂപ്പുകളും, ഭരണാധികാരികളും പങ്കെടുക്കും. കൊച്ചി സെമിനാറിന് വേദിയാകുകയാണെങ്കില്‍ അമേരിക്ക, ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളിലെ മന്ത്രിമാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തും.

Related Articles

Latest Articles