കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ വ്യത്യസ്ത നിഗമനങ്ങളുമായി വനം-റവന്യൂ വകുപ്പുകൾ. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പ് പറയുമ്പോൾ പ്രശ്നമായത് പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ട് റിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും.
അപകടത്തിന്റെ ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. തിടമ്പേറ്റി എഴുന്നള്ളി മുന്നിൽ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുൽ പോകാൻ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മിൽ സംഘർഷം ഉണ്ടാകാൻ കാരണം. ഗോകുലനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യം ആയിരുന്നു എന്നും വനംവകുപ്പ് പറയുന്നു.
അതിനിടെ, അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പൂർത്തിയായി. ഉച്ചതിരിഞ്ഞ് കൊയിലാണ്ടിയിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാര ചടങ്ങുകൾ. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ആകെ 32 പേർക്കാണ് പരിക്കേറ്റത്.

