Friday, May 17, 2024
spot_img

ലോകപ്രശസ്തമായ തിരുപ്പതി ലഡ്ഡുവിലേക്ക് കൊല്ലം കശുവണ്ടിയെത്തുമോ? പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന കശുവണ്ടി വ്യവസായ മേഖലക്ക് പ്രതീക്ഷയേകി തിരുമല തിരുപ്പതി ദേവസ്ഥാനം

കൊല്ലം: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ തിരുപ്പതി ലഡ്ഡുവിന്റെ നിർമ്മാണത്തിനായി വൻതോതിൽ കശുവണ്ടി കേരളത്തിലെ കൊല്ലത്തെ ഫാക്ടറികളിൽ നിന്ന് വാങ്ങാൻ തിരുമല തിരുപ്പതി ദേവസ്ഥാനം. പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന കേരളത്തിലെ കശുവണ്ടി മേഖലക്ക് പുത്തൻ ഉണർവ്വ് നൽകുന്ന തീരുമാനമാണിത്. ദിനം പ്രതി 2500 കിലോ കശുവണ്ടിയാണ് പ്രസാദ നിമ്മാണത്തിനായി വേണ്ടത്. കൊല്ലത്തെ കശുവണ്ടിയുടെ ഉയർന്ന ഗുണനിലവാരമാണ് കേരളാ കാഷ്യു ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് കശുവണ്ടി വാങ്ങാൻ തീരുമാനിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥൻ പറഞ്ഞു. കോർപറേഷനോട് കശുവണ്ടി ഇടപാട് സംബന്ധിച്ച ഓഫർ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അന്തിമ തീരുമാനത്തിന് ഇനിയും നടപടിക്രമങ്ങളുണ്ടെന്നും ദേവസ്ഥാനം ഉദ്യോഗസ്ഥൻ പറഞ്ഞു. കശുവണ്ടി സംഭരണത്തിന്റെ ഭാഗമായി ദേവസ്ഥാനം അധികൃതർ ഇതിനൊടകം കേരളം സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഒരിക്കൽ ലോകത്തിലെ തന്നെ കശുവണ്ടി സംസ്കരണ തലസ്ഥാനമായിരുന്ന കൊല്ലത്തെ കശുവണ്ടി മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുളള ശ്രമം നടക്കുകയാണെന്നും കരാർ ഉറപ്പിക്കാനായാൽ ദിനംപ്രതി തിരുപ്പതി ക്ഷേത്രത്തിനാവശ്യമായ കശുവണ്ടി നൽകാൻ തയ്യാറാണെന്നും കെ സി ഡി സി ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു. അസംസ്‌കൃത കശുവണ്ടിയുടെ ലഭ്യതക്കുറവാണ് ഇന്ന് കേരളത്തിലെ കശുവണ്ടി വ്യവസായം നേരിടുന്ന ഭീഷണി. ഒരുകാലത്ത് കശുവണ്ടി കൃഷിയുള്ള രാജ്യങ്ങളിലൊന്നും സംസ്കരണ ശാലകളുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് അത്തരം രാജ്യങ്ങളിലെല്ലാം യന്ത്രവത്കൃത സംസ്കരണ ശാലകളുണ്ട്. ഇറക്കുമതിയെ ആശ്രയിച്ചിരുന്ന കശുവണ്ടി വ്യവസായ മേഖല അതോടെ പ്രതിസന്ധിയിലായി. അന്താരാഷ്‌ട്ര വിപണിയിൽ കേരളത്തിന്റെ കശുവണ്ടി മേഖല ഇപ്പോൾ കടുത്ത മത്സരം നേടുകയുമാണ്.

സ്പ്ലിറ്റ് കശുവണ്ടി അധിക ചെലവുകളില്ലാതെ വാങ്ങാനാകുമോ എന്നാണ് തിരുപ്പതി ദേവസ്ഥാനം അന്വേഷിക്കുന്നത്. പ്രസാദ നിർമ്മാണത്തിന് സ്പ്ലിറ്റ് കശുവണ്ടിയാണ് ഉത്തമം. ദിനംപ്രതി മൂന്നു ലക്ഷം ലഡ്ഡുകളാണ് തിരുപ്പതിയിൽ വിട്ടുപോകുന്നത്. അതേസമയം ഇതാദ്യമായല്ല തിരുപ്പതി ക്ഷേത്രം കേരളത്തിൽ നിന്ന് കശുവണ്ടി വാങ്ങുന്നത്. 2020 ൽ 20 ടൺ കശുവണ്ടി നൽകാനുള്ള കരാർ കെ സി ഡി സി ക്ക് തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles