Saturday, May 4, 2024
spot_img

മഹാവൈദ്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; വിടവാങ്ങിയത് ആയുർവേദത്തെ വിശ്വത്തോളം ഉയർത്തിയ വൈദ്യ ശ്രേഷ്ഠൻ

മലപ്പുറം: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. 76 വർഷമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിൽ ഡോ. പി.കെ.വാരിയറുണ്ടായിരുന്നു. പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ്.

എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയിൽ ഒതുങ്ങുന്നതല്ല, പി.കെ.വാരിയരുടെ ജീവിതം. ആയുസ്സിന്റെ നൂറു വർഷങ്ങൾക്കിടയിൽ കടന്നുപോകാത്ത വഴികളില്ലെന്നുതന്നെ പറയാം. യൗവനത്തിൽ പഠനമുപേക്ഷിച്ച് വിപ്ലവകാരിയായി, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീടതിനെ ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ലോകം വിശ്വസിക്കുന്ന മഹാ വൈദ്യനായി. ഒരു വഴിയിലും പിന്നോട്ടു ചവിട്ടിയില്ല, ചവിട്ടിയ വഴികളിലൊന്നും മറ്റൊരു കാൽപ്പാടും ഒപ്പത്തിനെത്തിയുമില്ല.

പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു. എൻജിനീയറാകാൻ ചെറുപ്പത്തിൽ മോഹിച്ചയാൾ, എന്നാൽ പിന്നീട് കുടുംബവഴിയിലെ വൈദ്യപാരമ്പര്യം തന്നെ തുടരുകയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തു വിപ്ലവം തലയ്ക്കുപിടിച്ച് പഠനം നിർത്തിപ്പോയ കൃഷ്ണൻകുട്ടി വാരിയർ, സമരപുളകങ്ങൾ അരച്ചുചേർത്താൽ ജീവിതമരുന്നാവില്ലെന്നു വൈകാതെ തിരിച്ചറിഞ്ഞു വൈദ്യപഠനം തുടരുകയായിരുന്നു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃത്വം ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ 9 ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാർഷിക വരുമാനമെങ്കിൽ ഇന്നത് 400 കോടി രൂപയ്ക്കു മുകളിലായി. രണ്ടായിരത്തിലധികം പേർ നേരിട്ടു ജോലി നോക്കുന്നു, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ, പ്രതിവർഷം 5 ലക്ഷത്തിലധികം രോഗികൾക്കു സൗഖ്യമേകുന്ന ആതുരസേവനം. എന്തിന്, മരുന്നിൽച്ചേർക്കാൻ മാത്രം പ്രതിമാസം 2 കിലോ സ്വർണം ആവശ്യമുള്ളത്ര പൊന്നാക്കി ആര്യവൈദ്യശാലയെ അദ്ദേഹം മാറ്റിയെടുത്തു. ധർമ്മാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച്ച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles