കോട്ടയം: കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. IPC 429 പ്രകാരം വെള്ളൂർ പോലീസാണ് കേസെടുത്തത്. നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യും. 12 നായ്ക്കൾ ചത്തതിലാണ് അന്വേഷണം. മൃഗസ്നേഹികളുടെ പരാതിയിലാണ് നടപടി.
സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്നാണ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്. മൃഗസ്നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായകള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്‍റ് ടി.കെ.വാസുദേവന്‍ നായര്‍ പറഞ്ഞു.പന്ത്രണ്ട് നായകളെ മുളക്കുളത്ത് വിഷം കൊടുത്ത് കൊന്നെന്നാണ് സംശയം
അതേസമയം, തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് കോഴിക്കോട് മേയർ പ്രതികരിച്ചു . വേണ്ടത് മനുഷ്യത്വപരമായ സമീപനം. എല്ലാവരും സ്നേഹത്തോടെ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന രീതിയിലേക്ക് മാറണം. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണം. നായ്ക്കളെ കല്ലെറിഞ്ഞോടിക്കരുതെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറയുന്നു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ബോധവത്ക്കരണം നൽകണം.
ആക്രമണകാരികളായ നായ്ക്കളെ മാത്രം തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാം . ഇവയെ കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിക്കണം. കൂടാതെ വന്ധ്യംകരണത്തിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നടപ്പിലാക്കണമെന്നും മേയർ പറഞ്ഞു.

