Thursday, October 1, 2026

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മർദ്ദനം; നാലംഗ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മർദ്ദനം. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമിനാണ് (45) ക്രൂരമായ മർദനമേറ്റത്. ഇയാളെ തട്ടികൊണ്ട് പോയി മർദ്ദിച്ചതിന് ശേഷം റോഡരികിൽ തള്ളുകയായിരുന്നു.

കോഴിക്കോട് കക്കോടിയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. നാലംഗ സംഘം വാനിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്രൂരമായി മർദിച്ച് വാഴക്കാടിനു സമീപം റോഡരികിൽ തള്ളുകയായിരുന്നു. നിലവിൽ ലുഖ്മാനുൽ ഹക്കീം മെഡിക്കൽ കോളജ് ആശുപത്രിയിൽചികിത്സയിലാണ്.

കട നടത്തുന്ന ഹക്കീം രാത്രി കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്നു. മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോൾ മഴക്കോട്ട് ധരിക്കവേ ഒരു വാൻ തന്റെ അടുത്തു വന്നു നിർത്തിയതായി ഹക്കീം പറഞ്ഞു. തുടർന്ന് വാനിന്റെ വാതിൽ തുറന്ന് രണ്ടു പേർ പെട്ടെന്ന് തന്നെ അതിനകത്തേക്കു പിടിച്ചു തള്ളി.

ഹക്കീം ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് ആളുകൾ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും ഹക്കീമുമായി വാൻ പോയിരുന്നു. നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ ഇൻസ്പെക്ടർ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

എസ്ഐമാരായ ഡി.ഹബീബ് റഹ്മാൻ, ഹരീഷ് കുമാർ, യു.കെ.ജയദേവൻ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

Related Articles

Latest Articles