Sunday, May 5, 2024
spot_img

കോഴിക്കോട് വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയ കേസ്; പരാതിക്കാരന് പണം തിരികെ ലഭിച്ചു

കോഴിക്കോട് എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ പരാതിക്കാരന് പണം തിരിച്ചു കിട്ടി. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 40,000 രൂപയാണ് തിരികെ കിട്ടിയത്. തട്ടിപ്പ് നടത്തി പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പൊലീസ് മരിവിപ്പിച്ചിരുന്നു. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ അക്കൗണ്ടിൽ നിന്ന് പരാതിക്കാരന്റെ പണം തിരികെ നൽകിയത്.

കഴിഞ്ഞ ജൂലൈ 9നാണ് കേസിനാസ്പദമായ നടന്നത് സംഭവം. എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിനെ തുട‍ർന്ന് പൊലീസ് കുറ്റവാളികളെ പിടികൂടുകയായിരുന്നു.

നിലവിൽ അമേരിക്കയിലുള്ള ആന്ധ്രപ്രദേശ് സ്വദേശിയായ സുഹൃത്താണെന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സുഹൃത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്സാപ്പ് വഴി അയച്ചു. പിന്നീട് വാട്സാപ്പിലെ വോയിസ് കോളിൽ വിളിച്ച് അദ്ദേഹത്തിന്റെ ശബ്ദവുമായി സാമ്യമുള്ള ശബ്ദത്തിൽ സംസാരിച്ചു. പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിച്ച് വിശ്വാസം ഊട്ടിയുറപ്പിച്ചു. തുടർന്ന് മുംബൈയിലെ ആശുപത്രിയിലുള്ള തന്റെ ഭാര്യയുടെ സഹോദരിയുടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് 40,000 രൂപ ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. മുംബൈയിലെത്തിയാൽ പണം തിരികെ നൽകാമെന്നും അറിയിച്ചിരുന്നു.

വീഡിയോ കോളിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖം വളരെ അടുത്തു കാണിച്ച് ഏതാനും സെക്കൻഡുകൾ മാത്രം സംസാരിച്ചു. വാട്സാപ്പ് വഴി നൽകിയ ഗൂഗിൾപേ നമ്പറിൽ പണം അയച്ചുകൊടുത്തു. ഉടൻതന്നെ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്നു സംശയം തോന്നിയതായി പരാതിക്കാരൻ പറയുന്നു. ഉടൻ മറ്റു സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. അവരോടും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടെന്നു മനസ്സിലായതോടെ സംഭവം തട്ടിപ്പാണെന്നു വ്യക്തമായി. തുടർന്നാണ് പോലീസിനെ സമീപിച്ചത്. പ്രതി ഗുജറാത്തിലും കർണാടകയിലും രജിസ്റ്റർ ചെയ്തിട്ടുള്ള സമാന സ്വഭാവമുള്ള കേസുകളിലും പ്രതിയാണ്.

Related Articles

Latest Articles