Sunday, May 5, 2024
spot_img

കോഴിക്കോട് ഭീകരാക്രമണക്കേസ്; പ്രതി ഷൊര്‍ണൂരിലെ പെട്രോൾ പമ്പിലെത്തിയത് ഓട്ടോ പിടിച്ച്; ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫി ആക്രമണത്തിനായി ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയത് ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് . പിടിയിലായതിന് ശേഷം പുറത്തുവന്ന പ്രതിയുടെ ചിത്രം കണ്ടതോടെ ഓട്ടോ ഡ്രൈവര്‍ ഷാരൂഖിനെ തിരിച്ചറിയുകയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് ഷാരൂഖ് ഷൊര്‍ണൂരിലെ പമ്പിലെത്തുന്നതും രണ്ട് പ്ലാസ്റ്റിക് കുപ്പികളിലായി പെട്രോള്‍ വാങ്ങുന്നതും.

രാജേഷ് എന്നയാളുടെ ഓട്ടോ വിളിച്ചാണ് പ്രതി പമ്പിലെത്തിയത്. പ്രതിയുടെ ചിത്രം പുറത്തുവന്നതോടെ തന്റെ ഓട്ടോയില്‍ കയറിയത് പ്രതിയാണെന്ന് രാജേഷ് ഓര്‍ത്തെടുത്തു. ഇത് സുഹൃത്തിനെ അറിയിച്ചു. സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് ഷൊര്‍ണൂരിലെത്തി സി.സി.ടി.വികൾ ഉള്‍പ്പെടെ പരിശോധന നടത്തി വ്യക്തതവരുത്തി.

റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പെട്രോള്‍ പമ്പിലേക്ക് ഓട്ടോ വിളിച്ച പ്രതി പെട്രോള്‍ വാങ്ങിയ ശേഷം അതേ ഓട്ടോയില്‍ത്തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ തിരികെയെത്തുകയായിരുന്നെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിന് നൽകിയ മൊഴി.

റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തുതന്നെ പെട്രോള്‍ പമ്പുണ്ടായിരുന്നു.എന്നിട്ടും അവിടെ പോകാതെ ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള പമ്പിലേക്ക് പോകാനായിരുന്നു ഡ്രൈവറോട് ഷാരൂഖ് നിര്‍ദേശിച്ചത്. ദില്ലി സ്വദേശിയായ ഇയാൾക്ക് ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പുകളെക്കുറിച്ച് ഇത്രമേല്‍ വിവരങ്ങള്‍ എങ്ങനെ ലഭിച്ചു എന്നത് സംശയമുളവാക്കുന്നതാണ്.

Related Articles

Latest Articles