Friday, May 17, 2024
spot_img

കാലവര്‍ഷക്കെടുതി; കെ എസ് ഇ ബിക്ക് കോടികളുടെ നഷ്ടം

കോഴിക്കോട്: കാലവര്‍ഷക്കെടുതി കെ എസ് ഇ ബിക്ക് നല്‍കിയത് കോടികളുടെ നഷ്ടം. വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 143 കോടി രൂപ വേണമെന്നാണ് കെ എസ് ഇ ബി യുടെ പ്രാഥമിക വിലയിരുത്തല്‍. 13 ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല.

പേമാരിയിലും ഉരുള്‍പൊട്ടലിലും കെ എസ് ഇ ബിക്കുണ്ടായത് കനത്ത നാശ നഷ്ടമാണ്. നഷ്ടക്കണക്കുകള്‍ ഇങ്ങനെ- 690 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപറ്റി, മിക്കവയും മാറ്റി സ്ഥാപിക്കുകയോ റിപ്പയര്‍ ചെയ്യുകയോ വേണം. 2062 ഹൈ ടെന്‍ഷന്‍ പോളുകള്‍ക്കും 11248 ലോ ടെന്‍ഷന്‍ പോളുകള്‍ക്കും കേടുപാടുണ്ടായി. 1757 സ്ഥലങ്ങളില്‍ HT ലൈനും 49,849 സ്ഥലങ്ങളില്‍ LT ലൈനും പൊട്ടിവീണു. ആകെ 47.42 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടു. വിതരണ ശൃംഖല പുനഃസ്ഥാപിക്കാന്‍ 143.56 കോടി ചെലവാകും.

അന്തിമ കണക്കെടുപ്പില്‍ ഇത് ഇനിയും ഉയരാം. കണ്ണൂര്‍, മഞ്ചേരി, വടകര, കോഴിക്കോട്, തിരൂര്‍, ശ്രീകണ്ഠാപുരം സര്‍ക്കിളുകളിലാണ് നാശനഷ്ടം കൂടുതല്‍. കെ എസ് ഇ ബി ജീവനക്കാര്‍ രാവും പകലും പണിപ്പെട്ടിട്ടും ഇനിയും 13 ലക്ഷം പേര്‍ക്ക് വൈദ്യുതിയെത്തിക്കാനായിട്ടില്ല. വെള്ളക്കെട്ട് മൂലവും സുരക്ഷാ കാരണങ്ങളാലും 7,003 ട്രാന്‍സ്ഫോര്‍മറുകള്‍ ചാര്‍ജ്ജ് ചെയ്യാനായിട്ടില്ല. ജല അതോറിറ്റിയുടെ പമ്പ് ഹൌസുകളിലേക്കും റിലീഫ് ക്യാമ്പുകളിലേക്കും വൈദ്യുതി എത്തിക്കുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്.

Related Articles

Latest Articles