Sunday, May 5, 2024
spot_img

ലക്ഷങ്ങൾ കുടിശിക അടയ്ക്കാനുള്ള പ്രമുഖന്മാർക്ക് സുലഭമായി വൈദ്യുതി!215 രൂപയുടെ ബിൽ അടച്ചില്ലെന്നാരോപിച്ച് ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’ കെഎസ്ഇബി; 1,12,300 രൂപ യുടെ ഐസ്ക്രീം ഉത്പന്നങ്ങൾ നശിച്ചു

തിരുവനന്തപുരം : ലക്ഷങ്ങൾ കുടിശിക അടയ്ക്കാനുള്ള പ്രമുഖന്മാർക്ക് സുലഭമായി വൈദ്യുതി വൈദ്യുതി നൽകുമ്പോഴും കുടിശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥിയായ സംരംഭകന്റെ ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’ കെഎസ്ഇബി വിച്ഛേദിച്ചു. വൈദ്യുതി മുടങ്ങിയതോടെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട ഐസ്ക്രീം ഉപയോഗിക്കാനാവാത്ത വണ്ണം നശിച്ചു. 1,12,300 രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. അറിയിപ്പൊന്നും നൽകാതെ വൈദ്യുതി വിച്ഛേദിച്ചു നഷ്ടം വരുത്തിയതിനെതിരെ വിദ്യാർത്ഥി സംരംഭകനായ രോഹിത് വൈദ്യുതി മന്ത്രിക്കു പരാതി നൽകി.

രോഹിത്തിന്റെ കൊല്ലത്തെ കടയിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്. ഇപ്പോൾ ബെംഗളൂരുവിൽ വിദ്യാർഥിയായ രോഹിത് പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഐസ്ക്രീം കച്ചവടത്തിലേക്ക് ഇറങ്ങിയത്.

മൂന്നു ദിവസം മുൻപാണു കൊല്ലത്തെ കടയുടെ വൈദ്യുതി വിച്ഛേദിച്ചതായി കാണുന്നത്. കെട്ടിട സമുച്ചയത്തിലെ ഓരോ കടകൾക്കും പ്രത്യേകം മീറ്ററുകളുണ്ട്. കടയുടെ ഒരു വശത്തായാണ് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. കെട്ടിട ഉടമയ്ക്കോ സ്ഥാപന ഉടമയ്ക്കോ വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പു ലഭിച്ചിരുന്നില്ല. അതെ സമയം മുൻപ് കടമുറി മുൻപ് വാടകയ്ക്ക് എടുത്തിരുന്ന ആളിന്റെ മൊബൈൽ നമ്പരിലേക്കാണു മൂന്നാം തീയതി കെഎസ്ഇബിയുടെ സന്ദേശം വന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

വൈദ്യുതി വിച്ഛേദിക്കുന്നതിനു മുൻപ് ബില്ലിന്റെ കാര്യം അറിയിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ പണം അടയ്ക്കുമായിരുന്നെന്നു സ്ഥാപന ഉടമ പറഞ്ഞു.

Related Articles

Latest Articles