തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്.
ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 30 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ശമ്പളം നല്‍കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, ശമ്പളം വൈകുന്നതിനെതിരെ സമരം ശക്‌തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്റെ തീരുമാനം. നാളെ മുതല്‍ അനിശ്‌ചിതകാല രാപ്പകല്‍ സമരം റിലേ സമരമായി മാറും.
അതേസമയം, ഇന്ന് മുതല്‍ എല്ലാ ഞായറാഴ്‌ച ദിവസങ്ങളിലും സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സര്‍വീസുകള്‍ക്കൊപ്പം 20 ശതമാനം അധിക സര്‍വീസുകള്‍ കൂടി നടത്താനാണ് തീരുമാനം.
കൂടാതെ ഞായറാഴ്‌ചകളില്‍ റദ്ദാക്കിയ ഫാസ്‌റ്റ് പാസഞ്ചറുകള്‍ക്ക് മുകളിലോട്ടുള്ള സര്‍വീസുകളുടെ ട്രിപ്പുകള്‍ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയില്‍ സിംഗിള്‍ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനും കെഎസ്‌ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

