തിരുവനന്തപുരം : വഴിയോരങ്ങളിലെ കടകളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ജ്യൂസ് കടകളില്‍ ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച്‌ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് ചിഹ്നമുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം.

നിയമാനുസൃതമുള്ള എഫ്‌എസ്‌എസ്‌എഐ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്‍പ്പന നടത്താന്‍ അനുമതിയുള്ളൂ. കുലുക്കിസര്‍ബത്തുകളില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ശുദ്ധമല്ലെങ്കില്‍ ബാക്ടീരിയ ബാധയുണ്ടാകാം. വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്.
കരിമ്പിന്‍ ജ്യൂസ് വില്‍പ്പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായി കാണുന്നു. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാണ്. ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.

സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്‍ സൂക്ഷിക്കേണ്ടതും നിയമാനുസരണമുള്ള ലേബല്‍ ഉണ്ടായിരിക്കേണ്ടതുമാണ്. എഫ്‌എസ്‌എസ്‌എഐ രജിസ്‌ട്രേഷന്‍ നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.