Sunday, April 28, 2024
spot_img

“കുഞ്ഞാലി വരും, അതെനിക്കേ പറയാന്‍ പറ്റൂ”: സോഷ്യൽ മീഡിയയിൽ തരംഗമായി മരക്കാറിന്റെ പുതിയ ടീസര്‍

മലയാള സിനിമ പ്രേമികൾ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ, ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്.

അതേസമയം പുതിയ ട്രെയിലറിൽ കുഞ്ഞാലിയുടെ വരവിനെ കുറിച്ച് നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രം പറയുന്ന ഭാഗമുള്‍പ്പെടുത്തിയാണ് ഇറക്കിയിരിക്കുന്നത്.

പ്രിയദർശന്റെ ബിഗ് ബജറ്റ് ചിത്രം ഡിസംബർ രണ്ടിനാണ് തീയേറ്റര്‍ റിലീസിനെത്തുന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്തില്‍ നിര്‍മ്മാതാവും തീയേറ്റര്‍ ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീയേറ്റര്‍ റിലീസ് എന്നതിലേക്ക് എത്തിയത്. മാത്രമല്ല ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 90 കോടി രൂപയ്ക്കാണ് ആമസോണ്‍ ചിത്രം എടുക്കാന്‍ പോകുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന പ്രിവ്യു കണ്ടതിന് ശേഷം, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടുവച്ചതോടെ,ആന്റണിയും തീരുമാനം മാറ്റുകയായിരുന്നു.

തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വെച്ചതായും മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും സജി ചെറിയാന്‍ പറഞ്ഞു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Related Articles

Latest Articles