Friday, April 26, 2024
spot_img

എംബസിയിൽ അഭയം തേടിയത് മലയാളികളടക്കം 100 സ്ത്രീകൾ; കുവൈത്തിൽ കൊണ്ടുപോയത് ഗാർഹിക ജോലിക്കെന്ന പേരിൽ, മനുഷ്യക്കടത്ത് കേസ് പ്രതി മജീദ് മുഖേന എത്തിയത് 3 സ്ത്രീകൾ

കൊച്ചി: അനധികൃതമായി നടത്തിയ റിക്രൂട്മെന്റിലൂടെ കുവൈത്തിലേക്ക് ഗാർഹിക ജോലിക്കെന്ന പേരിൽ കടത്തിയ നൂറോളം വനിതകൾ ഇന്ത്യൻ എംബസിയിൽ അഭയം തേടി. നിലവിൽ മലയാളികൾ ഉൾപ്പെടെയുള്ള യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തിൽ സുരക്ഷിതരായി പാർപ്പിച്ചിരിക്കുകയാണ്. കൊച്ചി വഴിയാണ് ഇവരിലേറെയും പേര് എത്തിയത്.

മനുഷ്യക്കടത്ത് കേസ് പ്രതിയായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് മുഖേന എത്തിയ 3 സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ളവർ പല ഏജന്റുകൾ വഴി എത്തിയവരാണ്. എല്ലാവരും കുടുംബത്തിലെ പട്ടിണി മാറ്റാനായി എത്തിയവരാണ്. സ്കൂൾ അധ്യാപകർ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇവരുടെയെല്ലാം രേഖകൾ ശരിപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളിൽ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നായി എത്തിയ സ്വദേശികളെയാണ് കാണാതായത്.

ഇപ്പോൾ കുവൈത്തിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പോലീസിന്റെ നിഗമനം. കേസിൽ മുൻകൂർ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.

Related Articles

Latest Articles