സംസ്ഥാനമൊന്നടങ്കം ചർച്ചയായ മാസപ്പടി വിവാദത്തിൽ വീണ്ടും വീണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. ഇന്ന് വീണ്ടും മാദ്ധ്യമങ്ങളെ കാണുമെന്നാണ് കുഴൽനാടൻ പ്രതികരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് എം എൽ എ തന്റെ പ്രതികരണം അറിയിച്ചത്. ‘സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാദ്ധ്യമങ്ങളെ കാണും’ – എന്നാണ് മാത്യു കുഴൽനാടൻ കുറിച്ചിരിക്കുന്നത്. എവിടെവച്ചാണ് എപ്പോഴാണ് എന്നീ വിവരങ്ങൾ കുഴൽനാടൻ പങ്കുവച്ചിട്ടില്ല.
അതേസമയം രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിന് ഒരുദിവസം കൂടി സമയം നല്‍കാമെന്നും വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചില്ല എന്ന് തെളിയിച്ചാല്‍ സിപിഎം എന്തു ചെയ്യുമെന്നും തന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ചാല്‍ മാപ്പുപറയാം, മറിച്ചെങ്കില്‍ വീണ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോയെന്നും കുഴല്‍നാടന്‍ ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. സിപിഎം നേതാവ് എകെ ബാലന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

