മലപ്പുറം: ലഡാക്കിൽ ഇന്നലെയുണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ ഭൗതികദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം രാവിലെ പത്ത് മണിയോടെ എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ 11.30-ഓടെ തിരൂരങ്ങാടി യത്തീംഖാനയിൽ പൊതുദർശനത്തിന് വക്കും. തുടർന്ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂളിലും പൊതുദർശനത്തിന് വക്കും. വൈകിട്ട് മൂന്ന് മണിയോടെയാണ് ഖബറടക്കം നടക്കുക.
വാഹനാപകടത്തിൽ പരിക്കേറ്റ മറ്റ് സൈനികരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു സൈനികരുമായി പോയ ബസ് 60 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ 7 സൈനികരാണ് മരിച്ചത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

