ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മായാപൂർ-പീപ്പിൾകോട്ടി പ്രദേശത്ത് തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ടി.എച്ച്.ഡി.സി.) നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അളകനന്ദ നദിക്കരയിലുള്ള വിഷ്ണുഗഡ്-പീപ്പിൾകോട്ടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ടൈൽ റേസ് തുരങ്കത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. തുരങ്കത്തിനുള്ളിൽ കമ്പികൾ വെൽഡിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയത്ത് ആകെ 22 തൊഴിലാളികളാണ് ടണലിനുള്ളിൽ ഉണ്ടായിരുന്നത്. ടണലിനുള്ളിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള തെരച്ചിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ അതിവേഗം പുരോഗമിക്കുകയാണ്. ടണലിനുള്ളിൽ വലിയ അളവിൽ വെള്ളവും ചെളിയും നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
അപകടത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും എന്നതിനാൽ ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു. തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടണലിൽ അവശേഷിക്കുന്നവരെ കൂടി സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ രക്ഷാപ്രവർത്തക സംഘങ്ങൾ.
ഉത്തരാഖണ്ഡിൽ സമാനമായ രീതിയിലുള്ള തുരങ്ക ദുരന്തങ്ങളും അപകടങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്. പ്രകൃതിരമണീയവും എന്നാൽ ഭൂശാസ്ത്രപരമായി അതീവ ലോലവുമായ ഹിമാലയൻ മേഖലയിൽ നടത്തുന്ന വൻകിട നിർമ്മാണ പ്രവർത്തനങ്ങളും തുരങ്ക നിർമ്മാണങ്ങളും പലപ്പോഴും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്താറുള്ളത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2023 നവംബറിൽ ഉത്തർകാശി ജില്ലയിലുണ്ടായ സിൽക്യാര തുരങ്ക ദുരന്തം. ചാർധാം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 41 തൊഴിലാളികളാണ് അന്ന് ദിവസങ്ങളോളം തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയത്. ആധുനിക സാങ്കേതികവിദ്യകളുടെയും വിവിധ ഏജൻസികളുടെയും റാറ്റ് ഹോൾ മൈനേഴ്‌സ് ഉൾപ്പെടെയുള്ള വിദഗ്ധരുടെയും സഹായത്തോടെ നടത്തിയ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അന്ന് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാനായത്. ചമോലിയിൽ ഇപ്പോൾ ആവർത്തിച്ച അപകടം ഹിമാലയത്തിലെ ദുർബലമായ പാറക്കെട്ടുകളും ഭൂപ്രകൃതിയും എത്രത്തോളം അപകടസാധ്യത നിറഞ്ഞതാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ശാസ്ത്രീയമായ മുൻകരുതലുകളുടെയും കർശനമായ സുരക്ഷാ പരിശോധനകളുടെയും അപര്യാപ്തതയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാര്യമെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

