Friday, April 19, 2024
spot_img

ഒറ്റപ്പെട്ട് കൂട്ടിക്കല്‍; ഉരുള്‍പൊട്ടലില്‍ മരണം ആറായി, 4 പേരെ കാണാനില്ല

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ മാറ്റാനുള്ള സംവിധാനമില്ലാതെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍. പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മേജര്‍ അബിന്‍ പോളിന്‍റെ നേതൃത്വത്തില്‍ കരസേന കോട്ടയത്തെത്തി. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയില്‍ വന്‍ മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു.

സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Latest Articles