കോട്ടയം: ശക്തമായ മഴ തുടരുന്നതിനിടെ കോട്ടയം എരുമേലിയിൽ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.
അപകടത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഈ വീടുകളിൽ ഉണ്ടായിരുന്ന ഏഴ് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കറ്റു. ജോസിന്റെ വീട്ടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു .
പത്തനംതിട്ടയില്‍ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടി. കൊക്കാത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്നാണ് സൂചന. അച്ചന്‍കോവിലാറിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്.

