Friday, May 17, 2024
spot_img

ഞെട്ടൽ മാറാതെ സംഗീതലോകം; ഇതിഹാസ ഗായികയെ അനുസ്മരിച്ച് കലാ, സാസംകാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍

ഇന്ത്യന്‍ പിന്നണി ഗാനരംഗത്തിന്റെ മുഖമായി കോടിക്കണക്കിന് ജനങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്ന ലതാ മങ്കേഷ്‌കര്‍ ഇനി ഇല്ല എന്നത് സിനിമ രംഗത്തെ മാത്രമല്ല രാജ്യത്തെ സമസ്ത രംഗങ്ങളേയും ഞെട്ടിച്ചിരിക്കുകയാണ്.

ലതാ മങ്കേഷ്‌കറിന്റെ അന്ത്യം സംഗീത ലോകത്തിന്റെ ഒരു യുഗാന്ത്യം കൂടിയാണെന്ന് മനസിലാക്കുന്നതുകൊണ്ടാണ് ആരാധകര്‍ക്ക് ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ പ്രയാസമാകുന്നത്. ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കലാ, സാസംകാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

ലതാ മങ്കേഷ്‌കറുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.

സംഗീത ലോകത്തിന് ലതാ മങ്കേഷ്‌കർ നൽകിയ സംഭാവനകൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ലതാ മങ്കേഷ്‌കറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്. മലയാളത്തിലെ കദളീ ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ ഗാനാലാപനം നടത്തി. സമാനതകളില്ലാത്ത ഈ ഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു

ലതാ മങ്കേഷ്‌കറുടെ ഗാനങ്ങള്‍ എന്നു നിത്യഹരിതമായി നിലനില്‍ക്കുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അനുസ്മരിച്ചത്. ലതാ മങ്കേഷ്‌കറുടെ ശബ്ദത്തിന് മരണമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അനുസ്മരണം.

‘ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലതാ മങ്കേഷ്‌കറെ സ്പീക്കര്‍ എം ബി രാജേഷും അനുസ്മരിച്ചു. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു. എന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു

ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ താന്‍ ആഴത്തില്‍ ദുഖിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പറഞ്ഞു. ലതാജിയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. ലതാ മങ്കേഷ്‌കറുടെ ഒരു പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് ഇതിഹാസ ഗായികയെ അനുസ്മരിച്ചത്.

മലയാള ചലച്ചിത്ര ലോകത്തെ മോഹൻലാൽ മമ്മൂട്ടി ഉൾപ്പടെയുള്ള നായികാ നായകന്മാരും മറ്റു താരങ്ങളും അണിയറപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles