Tuesday, September 22, 2026

രാജ്യത്ത് 11,850 പേര്‍ക്ക് കൂടി കോവിഡ്; 111 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,850 പേര്‍ക്ക് കൂടി കോവിഡ് (Covid Updates In India) സ്ഥിരീകരിച്ചു. ഇതോടെ 1,36,308, പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളില്‍ 0.40 ശതമാനമാണ്. കഴിഞ്ഞ 274 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 3.38 കോടി ആളുകള്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 555 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,245 ആയി.

3,44,26,036 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തിനാശ്വാസമായി കോവിഡ് വാക്‌സിനേഷന്‍ 111 കോടി പിന്നിട്ടു. 24 മണിക്കൂറിനിടയില്‍ 15.22 ലക്ഷം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37.77 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ 6674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്.

Related Articles

Latest Articles