Thursday, May 9, 2024
spot_img

സംസ്ഥാനത്ത് ക്രമസമാധാനവും നിയമവാഴ്ചയും അവതാളത്തിൽ ; കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കാനും കഴിയുമെന്ന കാര്യം മറക്കരുതെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ

തിരുവന്തപുരം : രാജ്ഭവൻ മുതൽ വിമാനത്താവളം വരെയുള്ള യാത്രാമധ്യേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ മൂന്നിടത്തുവച്ച് തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച സംഭവം ഏറെ പ്രതിക്ഷേധാർഹമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭരണഘടനാ പദവിയുള്ള ഗവർണറുടെ സുരക്ഷാ കാര്യത്തിൽ പാലിക്കപ്പെടേണ്ട ഔദ്യോഗിക നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ല. ഇതിന് ബന്ധപ്പെട്ടവർ ഉത്തരം പറയേണ്ടതുണ്ടെന്നും ആർ. സഞ്ജയൻ തുറന്നടിച്ചു.

ഗവർണർക്ക് പോലും സംസ്ഥാനത്ത് ഭയം കൂടാതെ സഞ്ചരിക്കാനാവാത്ത സാഹചര്യം ക്രമസമാധാനവും നിയമവാഴ്ചയും അവതാളത്തിൽ ആയതിന്റെ സൂചന തന്നെയാണ്. സ്വതന്ത്ര നിലപാടെടുക്കുന്നവരെയും തങ്ങൾക്ക് വിരോധമുള്ളവരെയുമൊക്കെ തെരുവിൽ നേരിടാൻ അനുയായികളെ പറഞ്ഞു വിടുന്നവരുടെ മനസ്ഥിതി നിന്ദ്യമാണ്. ഈ സ്ഥിതി തുടരാൻ അനുവദിച്ചു കൂടായെന്നും കേരളത്തിൻെറ ക്രമസമാധാനപാലനത്തിന്റെ ചുമതല കേന്ദ്രം ഏറ്റെടുക്കുന്ന സാഹചര്യം സംജാതമായാൽ, അതിൻെറ ഉത്തരവാദിത്വം സംസ്ഥാനത്തെ ഭരണകക്ഷിക്കായിരിക്കുമെന്നും ആർ. സഞ്ജയൻ വ്യക്തമാക്കി.

കൂടാതെ, ഇത്തരം കാര്യങ്ങൾ മുന്നണി സംവിധാനത്തിന്റ മിനിമം പരിപാടികളുടെ ഭാഗമാണോയെന്ന് ഘടകകക്ഷികൾ വ്യക്തമാക്കേണ്ടത് അവരുടെയും ബാധ്യതയാണ്. കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കി പരിവർത്തിപ്പിക്കാൻ ചില നിയമ നടപടികളിലൂടെ സാധ്യമാണെന്ന കാര്യം കാശ്മീരിന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്. അത്തരം നടപടികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് അവിതർക്കിതമായ കാര്യമാണെന്നും ആർ. സഞ്ജയൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ മാത്രമല്ല സർവ്വ രംഗത്തും നിയമവാഴ്ച അട്ടിമറിക്കപ്പെടുകയും സ്വജനപക്ഷപാതം കൊടികുത്തി വാഴുകയുമാണ്. ഇത് നിയമവാഴ്ചയിൽ അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇതിനെതിരെ ജനമനസാക്ഷി ഉയർന്നുവരേണ്ടത് അനിവാര്യമാണെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായി പട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്ന വസ്തുത ഇത് കേരളമാണ് എന്ന് വീമ്പ് പറയുന്നവർ ഓർക്കുന്നത് നല്ലതാണെന്നും ആർ. സഞ്ജയൻ വ്യക്തമാക്കി.

Related Articles

Latest Articles