Thursday, May 2, 2024
spot_img

എൽഡിഎഫ് സർക്കാരിന്റെ ആഗോള വ്യവസായ സംഗമം വൻ തട്ടിപ്പ്! പദ്ധതികൾ പ്രഖ്യാപിച്ച് പണം അടിച്ചുമാറ്റുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്; വെളിപ്പെടുത്തലുമായി ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്

കൊച്ചി:ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ആഗോള വ്യവസായ സംഗമം ഉൾപ്പെടെയുള്ള പദ്ധതികൾ വൻ തട്ടിപ്പായിരുന്നുവെന്നും, എല്ലാ പദ്ധതികളും തന്റെ ആശയമായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി വെറുതെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും, താൻ കൂടി ഇരുന്ന് എഴുതിക്കൊടുത്ത കണക്ക് പ്രഖ്യാപിക്കുകയാണുണ്ടായതെന്നും സാബു എം.ജേക്കബ് വെളിപ്പെടുത്തി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഒരു പ്രഖ്യാപനവും നടപ്പായില്ല. ഒരു വഴിപാടു പോലെ പദ്ധതികൾ പ്രഖ്യാപിച്ച് പണം അടിച്ചുമാറ്റുകയാണ്’’- സാബു ആരോപിച്ചു.

കേരളത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ച കിറ്റെക്‌സിനേയും അന്നാ അലൂമിനിയത്തേയും ഇടത്, വലത് മുന്നണികൾ നിരന്തരം ആക്രമിച്ചുവെന്നും തനിക്കു വേണ്ടി ആരും ശബ്ദമുയർത്തിയില്ലെന്നും സാബു ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ മുന്നണികൾക്കും താൻ പണം കൊടുത്തിട്ടുണ്ടെന്നും ഇപ്പോഴത്തെ വ്യവസായ മന്ത്രിയും അതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടും തനിക്കെതിരെ വൃത്തികേട് വിളിച്ചു പറയുകയാണ്. എല്ലാ മുന്നണികളുടെയും നേതാക്കൾ പിന്തുണ തേടി വീട്ടിൽ വന്നിട്ടുണ്ടെന്നും എന്നാൽ ഇത്തവണ ആരും പിരിവിനു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘പിണറായി വിജയൻ ഇരട്ടച്ചങ്കൻ ആണെന്നു പറഞ്ഞത് മറ്റെല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു. അദ്ദേഹത്തിൽ കേരളത്തിന്റെ രക്ഷകനെ കണ്ടു. പക്ഷേ അതൊന്നുമായിരുന്നില്ല യാഥാർഥ്യം എന്ന് വൈകാതെ തിരിച്ചറിഞ്ഞു. അതോടെ സൗഹൃദം അവസാനിച്ചു. പിന്നീട് ഒരു ഫോൺ കോൾ പോലും ഉണ്ടായിട്ടില്ല’’– സാബു എം.ജേക്കബ് പറഞ്ഞു.

തങ്ങളുടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകൾ ഏതു പദ്ധതി സമർപ്പിച്ചാലും പരമാവധി വൈകിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ നടത്തുന്ന ക്ഷേമ പദ്ധതികൾ മുടക്കാനുള്ള ശ്രമം സിപിഎമ്മും കുന്നത്തൂർ എംഎൽഎയും തുടരുകയാണെന്നും ഇങ്ങോട്ട് അടിച്ചാൽ തിരിച്ചടിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.

Related Articles

Latest Articles