Friday, October 16, 2026

മാനന്തവാടിയിൽ കടുവ പശുക്കിടാവിനെ കൊന്ന സംഭവം ; നാട്ടുകാർ പ്രതിഷേധത്തിൽ ,കടുവയെ പിടിക്കാനായുള്ള കൂട് സ്ഥാപിക്കും

വയനാട് : മാനന്തവാടിയിൽ കടുവ പശുക്കിടാവിനെ കൊന്ന സംഭവത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ.വനം വകുപ്പ് കടുവയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.എന്നാൽ കൂട് എത്രയും പെട്ടന്ന് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭാ പരിധിയിലാണ് വീണ്ടും കടുവ എത്തിയത്. നഗരസഭയുടെ മൂന്നാം വാർഡായ പിലാക്കാവ് മണിയൻകുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരന്റെ രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. തേയില തോട്ടത്തിൽ നിന്നും ചാടിവീണ കടുവ പശുവിനെ കടിച്ചു. ഇവിടെയുണ്ടായിരുന്നവർ ബഹളം വെച്ചപ്പോൾ കടുവ ഓടിപ്പോകുകയായിരുന്നു.സംഭവമറിച്ച് വനം, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഒ ആർ കേളു എംഎൽഎയും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രദേശത്ത് കൂട് സ്ഥാപിക്കാനും ഡിഎഫ്ഒയോട് എംഎൽഎ നിർദ്ദേശിച്ചു.ഈ ഭാഗത്ത് ഒരുകിലോമീറ്റർ മാറി വനപ്രദേശമുണ്ട്. സ്വകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കർ എസ്‌റ്റേറ്റാണ് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം കുപ്പാടിത്തറയിൽ ഇറങ്ങി ഭീതി പരത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു.

Related Articles

Latest Articles