Monday, April 29, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി !ജൂൺ 4ന് ഫല പ്രഖ്യാപനം ; കേരളം പോളിംഗ് ബൂത്തിലെത്തുക ഏപ്രിൽ 26ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാകും നടക്കുക. ആദ്യഘട്ടം ഏപ്രിൽ 19ന് നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.

” ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 1.8 കോടി കന്നി വോട്ടർമാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടർമാരും ഉണ്ട്. 12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ട്. 85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും.” – മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.

അതേസമയം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.

2019ൽ, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രമായിരുന്നു.

Related Articles

Latest Articles