Tuesday, April 30, 2024
spot_img

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; തമിഴ്നാട് ഉൾപ്പെടെ 102 മണ്ഡലങ്ങളിലെ പോളിംഗ് വെള്ളിയാഴ്ച

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് രാജ്യത്ത് നടത്തുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും.

അരുണാചൽപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, യു.പി, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ആന്തമാൻ നികോബാർ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് 19ന് പോളിങ് ബൂത്തിലെത്തുക.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബംഗാളിൽ സന്ദർശനം നടത്തിയിരുന്നു. ബം​ഗാളിലെ
ബാലൂർഘട്ടിൽ സംഘടിപ്പിച്ച പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണക്കുന്നതിനായി പ്രധാനമന്ത്രി കേരളത്തിലും സന്ദർശനം നടത്തിയിരുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രി എത്തിയത്. കുന്നംകുളത്തെ പരിപാടിയിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ സരസുവിനെയും തൃശ്ശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയെയും പിന്തുണച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. മാർച്ച് 19-ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി പൊതുസദസുകളിൽ അണിനിരന്നത്. ഓരോ ബിജെപി പ്രവർത്തകനും കരുത്ത് പകർന്ന ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ നിന്നും മടങ്ങിയത്.

Related Articles

Latest Articles