Saturday, May 4, 2024
spot_img

പത്തനംതിട്ടയിലെ തീപാറും പോരാട്ടം

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശിയ ശ്രദ്ധ ആകർഷിച്ച പോരാട്ടം നടക്കുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട. ഒരു പ്രധാന രാഷ്ട്രീയ വിഷയമായതു കൊണ്ട് തന്നെ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലേക്ക് ഇത്തവണ മൂന്നു മുന്നണികളുടെയും ദേശിയ നേതാക്കൾ പ്രചാരണത്തിനായി പാഞ്ഞെത്തി. അതുകൊണ്ടു തന്നെ പ്രധാന നേതാക്കളെത്തന്നെ കളത്തിലിറക്കിയാണ് പത്തനംതിട്ടയിലെ ഹൈവോൾടേജ് തിരഞ്ഞെടുപ്പിനെ മുന്നണികളും നേരിട്ടത്.

മൂന്നാം തവണയും ആന്റോ ആന്റണിയെ രംഗത്തിറക്കിയാണ് യുഡിഎഫ് മണ്ഡലം പിടിക്കാൻ ഒരുങ്ങുന്നത്. വളരെ നേരത്തെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനാൽ എൽ ഡി എഫ്‍ സ്ഥാനാർഥി വീണാ ജോർജ് ചിട്ടയായ പ്രചാരണമാണ് മണ്ഡലത്തിൽ കാഴ്ചവെക്കുന്നത്. ന്യൂനപക്ഷ വോട്ടുകളെ കണ്ണുവെച്ചാണ് വീണ ജോർജിനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ ബിജെപി സ്ഥാനാർഥിയായി കെ സുരേന്ദ്രൻ വന്നതോടെ പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം മാറി മറഞ്ഞു. ദേശീയതലത്തിൽ പോലും ശ്രദ്ധേയമായ മണ്ഡലമായി പത്തനംതിട്ട മാറി. ശബരിമല പ്രക്ഷോഭത്തിൽ സർക്കാർ വിരുദ്ധ വികാരം ഹിന്ദുജനവിഭാഗങ്ങൾക്കിടയിൽ ഏറ്റവും ശക്തമായി നിൽക്കുന്ന മണ്ഡലത്തിൽ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ച സുരേന്ദ്രൻ സ്ഥാനാര്ഥിയായത് അണികളെയും ആവേശത്തിലാക്കി. പാർട്ടി ചയവുകൾക്കു അതീതമായി വ്യക്തിപരമായി ലഭിക്കുന്ന പിന്തുണ അദ്ദേഹത്തിന്റെ പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു. എതിരാളികളെ പോലും അമ്പരപ്പിച്ച വലിയ ഒരു ഓളമാണ് പത്തനംതിട്ടയിൽ ഇക്കുറി ബിജെപി പ്രചാരണത്തിൽ സൃഷ്ടിച്ചത്.

പ്രചാരണത്തിന്റെ തുടക്കത്തിൽ ശബരിമല വിഷയം ഉന്നയിച്ചില്ലെങ്കിലും അവസാനഘട്ടങ്ങളിൽ സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ച് എൽഡിഎഫ് നയം വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നായിരുന്നു പ്രചാരണത്തിലൂടനീളം പത്തനംതിട്ടയിൽ പിണറായി വിജയൻ മുന്നോട്ടു വെച്ച വിശദീകരണം. അതെ സമയം ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ പത്തനംതിട്ടയിൽ പിസി ജോർജിന്റെ ജനപക്ഷം പാർട്ടി എൻ ഡി യിലേക്ക് ചേർന്നത് ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. പ്രത്യേകിച്ചും പിസി ജോർജിന് നിർണ്ണായകമായ സ്വാധീനമുള്ള പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ ഇപ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പ്രളയക്കെടുതിയും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളും പ്രചാരണത്തിലുടനീളം പ്രധാന ചർച്ചാ വിഷയം തന്നെയായിരുന്നു

മൂന്നു മുന്നണികൾക്കും അതികഠിനമായ രാഷ്ട്രീയ പരീക്ഷണം സമ്മാനിക്കുകയാണ് പത്തനംതിട്ട. വിശ്വാസ വിഷയത്തിലെ വോട്ടുകൾ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മൂന്നു മുന്നണികൾക്കും അറിയാം. അതു കൊണ്ടു തന്നെ പത്തനംതിട്ടയിലെ രാഷ്ട്രീയ സമവാക്യങ്ങളുടെ പൊളിച്ചെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം.

Related Articles

Latest Articles