Tuesday, April 23, 2024
spot_img

അനന്തപദ്മനാഭന്റെ മണ്ണിൽ ആര് വാഴും ആര് വീഴും !

സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഹാട്രിക് വിജയം തേടിയിറങ്ങുന്ന ആഗോള പൗരനെന്നു പേരുകേട്ട ശശി തരൂരിന്റെ വിജയം കോൺഗ്രസ്സിന് അനിവാര്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനത്തിനൊപ്പം കുമ്മനം രാജശേഖരന്റെ വ്യക്തിപ്രഭാവവും ബിജെപിക്ക് മണ്ഡലത്തിൽ മേൽക്കൈ നൽകുന്നു. മുൻ തിരഞ്ഞെടുപ്പുകളിലെ കനത്ത തോൽവി ഒഴിവാക്കേണ്ടത് എൽഡിഎഫിന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. അതിനാൽ കൊടുമ്പിരിക്കൊണ്ട പ്രചാരണമാണ് എൽഡിഎഫ് സ്ഥാനാർഥി സി ദിവകാരൻ മണ്ഡലത്തിൽ നടത്തുന്നത്.

ശബരിമല പ്രശ്നം ആഴത്തിൽ അടിയൊഴുക്കുകൾ സൃഷ്ടിക്കുവാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രഥമ സ്ഥാനം തിരുവനന്തപുരത്തിനാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയത്തിനപ്പുറം ജനതയുടെ ആചാരങ്ങളും വിശ്വാസങ്ങളും ഇവിടത്തെ വോട്ടിങ്ങിനെ സ്വാധീനിച്ചെക്കാം.

പത്ത് വര്ഷം എം പിയായ ശശി തരൂർ എന്ത് ചെയ്തുവെന്ന ചോദ്യം പ്രചാരണത്തിലുടനീളം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അക്കമിട്ടു നിരത്തിയ പുസ്തകം ഇറക്കിയായിരുന്നു ശശി തരൂരിന്റെ മറുപടി. ഇതിനിടയിൽ അണികൾ കാലുവാരാന് ശ്രമിക്കുന്നു എന്ന പരാതി ശശി തരൂർ ഹൈക്കമാണ്ടിന്റെ മുന്നിലെത്തിക്കുകയും ചെയ്തു.

അഴിമതിയുടെയോ ആരോപണങ്ങളുടെയോ കറ പുരളാത്ത നേതാവെന്ന വിശേഷണമാണ് പ്രചാരണത്തിന്റെ ആരംഭം മുതൽ കുമ്മനത്തിനു മണ്ഡലത്തിൽ മേൽകൈ നല്കുന്നത്. സ്ഥാനാർഥി നല്ലതാണെങ്കിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വോട്ടു കൂടും എന്ന വസ്തുത കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമായതാണ്. ഓരോ വോട്ടും ലക്ഷ്യമാക്കി വീടുകൾ സന്ദർശിച്ചാണ് എൽ ഡി എഫ് പ്രചാരണം കൊഴുപ്പിക്കുന്നതു.

അനന്തപദ്മനാഭന്റെ മണ്ണിൽ ആര് വാഴും ആര് വീഴും എന്നറിയുവാൻ ആകാഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

Related Articles

Latest Articles