Friday, May 10, 2024
spot_img

ഇങ്ങനെയൊക്കെ ഞാനും പണ്ട് ചെയ്തിട്ടുണ്ട്! അനുഭവം വന്നപ്പോൾ അതൊക്കെയും തെറ്റാണെന്ന് മനസിലാക്കാൻ സാധിച്ചു: തുറന്ന് പറഞ്ഞ് ലുഖ്മാന്‍ അവറാന്‍

മലയാള സിനിമയിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ലുഖ്മാന്‍ അവറാന്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. താരത്തിന്റെ വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും ശ്രദ്ധനേടിയിരുന്നു. എന്നാല്‍ , ഒരു വിഭാഗം ആളുകള്‍ നിറത്തിന്റെ പേരില്‍ താരത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളുമായി രം​ഗത്തെത്തി. സമൂഹമാധ്യമങ്ങളിലും അത്തരം കമന്റുകള്‍ നിറഞ്ഞിരുന്നു. അതിനെ കുറിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരിക്കുകയാണ് നടന്‍. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ബോഡി ഷെയിമിംഗിനെതിരെ തുറന്നടിച്ചത്.

ലുഖ്മാന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

വളരെ ചെറിയൊരു വിഭാ​ഗം ആളുകളാണ് മോശം കമന്റുകള്‍ ഇട്ടത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്തരം മോശം ചിന്താഗതിയുള്ളവര്‍ക്ക് മനപൂര്‍വമാണ് മറുപടി നല്‍കാതിരുന്നത്. അത്തരക്കാര്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് വിസിബിലിറ്റി കിട്ടും.

ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ ചില തെറ്റുകളുണ്ട്. ആ തെറ്റുകളാണ് അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാവണം. പക്ഷെ, ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ടു തന്നെ തലമുറമാറ്റം അറിയാത്ത ആളുകളോട് പ്രതികരിക്കാന്‍ തല്‍ക്കാലം എനിക്ക് സമയമില്ല.

‘കെ എല്‍ 10 പത്ത്’ എന്ന സിനിമയിലൂടെ ആണ് ലുഖ്മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി. ‘ഓപ്പറേഷന്‍ ജാവ’ എന്ന സിനിമയിലെ ലുഖ്മാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ആരാധകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

Related Articles

Latest Articles