Tuesday, November 3, 2026

മധു കൊലക്കേസ്: കോടതി വിമർശനം ഫലം കണ്ടു പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ (Attappadi Madhu) ആൾക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറായി നിയമിക്കാനായി, താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓണ്‍ലൈന്‍ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടെ കേസ് മാര്‍ച്ച്‌ 26ലേക്ക് മാറ്റിയിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ കേസില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് രഘുനാഥ് കത്ത് നല്‍കുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ 15-ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25-നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല. അതേസമയം പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മധുവിന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസ്സപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles