Monday, April 29, 2024
spot_img

വീടുകള്‍ ഉപേക്ഷിച്ചു നാവിക താവളത്തില്‍ അഭയം തേടി രാജപക്സെയും കുടുംബവും; രാജ്യം വിടുന്നത് തടഞ്ഞ് ശ്രീലങ്കന്‍ കോടതി

കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ അകാരണമായി ആക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, അദ്ദേഹത്തിന്‍റെ മകന്‍ നമല്‍ എന്നിവരും 15 അനുചരന്മാരും രാജ്യം വിടുന്നത് തടഞ്ഞ് ശ്രീലങ്കന്‍ കോടതി. കൊളംബോയിലെ മജിസ്ട്രേറ്റ്, സമാധാനപരമായ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ തിങ്കളാഴ്ച നടന്ന ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

സമരക്കാര്‍ക്കു നേരേ നടന്ന ഈ ആക്രമണം രാജ്യത്തു കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും അതു കലാപത്തിലേക്കു വളരുകയുംചെയ്തിരുന്നു. കലാപത്തില്‍ ഇതുവരെ ഒമ്പത് പേരുടെ ജീവനാണ് നഷ്ട്ടപെട്ടത്. വ്യാപകമായ നാശമുണ്ടാക്കുകയും ചെയ്തു.

രാജപക്സെയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് വേണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറസ്റ്റ് ആവശ്യം കോടതി അനുവദിച്ചില്ല. കാരണം, പോലീസിന് സംശയിക്കപ്പെടുന്ന ആരെയും കസ്റ്റഡിയില്‍ എടുക്കാന്‍ അധികാരമുണ്ട്.

രാജപക്സെയും പ്രധാന സഹായികളും തങ്ങളുടെ അനുയായികളില്‍ 3,000 ത്തോളം പേരെ തലസ്ഥാനത്ത് എത്തിക്കുകയും സമാധാനപരമായ പ്രതിഷേധക്കാരെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. ഈ ആക്രമണത്തെത്തുടര്‍ന്നു ബുദ്ധ സന്യാസിമാരും കത്തോലിക്ക പുരോഹിതന്മാരും ഉള്‍പ്പെടെ 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനെതിരേ രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധം ഇനിയും ശമിച്ചിട്ടില്ല. ജനകീയ പ്രക്ഷോഭത്തെ ഭയന്നു രാജപക്സെയ്ക്കും കുടുംബാംഗങ്ങള്‍ക്കും വീടുകള്‍ ഉപേക്ഷിച്ചു നാവിക താവളത്തില്‍ അഭയം തേടേണ്ടി വന്നു.

Related Articles

Latest Articles