Tuesday, October 13, 2026

വിമാനത്തിൽ വെച്ച് മഹുവ മൊയ്ത്രയ്ക്ക് നേരെ അതിക്രമം, നടപടി ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രിക്ക് പരാതി

ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഒരു സംഘം പുരുഷന്മാർ തന്നെ പീഡിപ്പിച്ചതായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര ആരോപിച്ചു. വ്യാഴാഴ്ച തന്റെ എക്സ് (മുമ്പ് ട്വിറ്റർ) ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

“ചോർ ചോർ, ടിഎംസി ചോർ” (കള്ളൻ കള്ളൻ, ടിഎംസി കള്ളൻ), തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇവർ ശല്യം ചെയ്തതെന്ന് അവർ പറഞ്ഞു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഓൺ ഡിഫൻസ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. 6E 719 എന്ന ഇൻഡിഗോ വിമാനത്തിൽ 1F സീറ്റിലായിരുന്നു മഹുവ മൊയ്ത്ര. അവിടെ വച്ചാണ് 4 മുതൽ 6 വരെ പുരുഷന്മാർ തന്നെ തുറിച്ചുനോക്കുകയും ശല്യം ചെയ്യുകയും ചെയ്തത്.

താൻ 1F സീറ്റിലായിരുന്നുവെന്നും ഒരു സംഘമായി വന്ന 4-6 പുരുഷന്മാർ തങ്ങളെ തുറിച്ചുനോക്കി വിമാനത്തിന്റെ പിൻഭാഗത്തേക്ക് പോയെന്നും അവർ തന്റെ പോസ്റ്റിൽ പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ശേഷം വാതിലുകൾ തുറക്കുന്നതിന് മുമ്പ് ഇവർ മുദ്രാവാക്യങ്ങൾ വിളിച്ച് അത് വീഡിയോയിൽ പകർത്തി എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

ഈ പുരുഷന്മാർ വീഡിയോയിൽ “ചോർ ചോർ, ടിഎംസി ചോർ, പിഷി ചോർ, ഭായ്‌പോ ചോർ” (കള്ളൻ കള്ളൻ, ടിഎംസി കള്ളൻ, അമ്മായി കള്ളിയാണ്, അനന്തരവൻ കള്ളനാണ്) എന്ന് വിളിച്ചുപറയുന്നത് കാണാം. “ഇതൊരു സാധാരണ പൗരന്റെ കോപമല്ല,” മഹുവ മൊയ്ത്ര പറഞ്ഞു. തന്റെ സുരക്ഷ അപകടത്തിലാണെന്നും ഇത്തരം പീഡനങ്ങൾ നടത്തുന്നവരെ വെറുതെ വിടരുതെന്നും അവർ കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ റിപ്പോർട്ട് പരിശോധിക്കാനും ഉൾപ്പെട്ടവരെ തിരിച്ചറിയാനും അവരെ നോ-ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്താനും അവർ ഇൻഡിഗോയോട് ആവശ്യപ്പെട്ടു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപ്പുവിനെ ടാഗ് ചെയ്തുകൊണ്ടാണ് അവർ നടപടി ആവശ്യപ്പെട്ടത്.

മമതാ ബാനർജി, അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, എം.കെ. സ്റ്റാലിൻ എന്നിവരെ ടാഗ് ചെയ്താണ് മഹുവ മൊയ്ത്ര ഈ പോസ്റ്റ് പങ്കുവെച്ചത്. സംഭവം സംബന്ധിച്ച് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles