Sunday, May 12, 2024
spot_img

മകരവിളക്കിനൊരുങ്ങി ശബരിമല; വന്‍ ഭക്തജന പ്രവാഹം

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങുന്ന ശബരിമലയിലേക്ക് വന്‍ ഭക്തജനപ്രവാഹം. കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്.

കഴിഞ്ഞ ശനിയാഴ്ച മാത്രം വെര്‍ച്ച്‌വല്‍ ബുക്കിങ് വഴി 49,846 തീര്‍ത്ഥാടകരാണ് എത്തിയത്. മണ്ഡല-മകരവിളക്ക് ദര്‍ശനത്തിനായി തുറന്നതില്‍ പിന്നെ ഏറ്റവും കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനെത്തിയത് ശനിയാഴ്ച ആയിരുന്നു.

അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷന്‍ ഉള്‍പ്പടെ അമ്ബത്തീരായിരത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തിയതായാണ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വെര്‍ച്ച്‌വല്‍ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ദര്‍ശനത്തിന് എത്തിയിരുന്നു.

ഈ മാസം ഒന്നാം തിയതി മുതല്‍ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടില്‍ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കോവിഡ് ലോക്ഡൗണ്‍ ഇല്ലാത്ത ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ എത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടന കാലം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമല ഭക്തി ലഹരിയിലാവുകയാണ്. പടി കയറാന്‍ നീണ്ട നിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും ഇപ്പോള്‍ ദര്‍ശന സൗകര്യം ഒരുക്കുന്നുണ്ട്.

അതേസമയം, ജനുവരി പതിനാലിന് നടക്കുന്ന മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണ ഹില്‍ ടോപ്പിലും മകരവിളക്ക് ദര്‍ശനത്തിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹില്‍ടോപ്പില്‍ 2000 മുതല്‍ 5000 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളില്‍, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12ന് ആരംഭിക്കും. തിരുവാഭരണ ഘോഷയാത്ര ഏറ്റവും പ്രൗഢിയോടെയും ചിട്ടയോടെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പേട്ട തുള്ളലും പമ്പ സദ്യയുമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles