Tuesday, May 21, 2024
spot_img

ആയുധങ്ങള്‍ കടത്താന്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

റാഞ്ചി: കമ്മ്യൂണിസ്റ്റ് ഭീകരര്‍ (Communist Terrorists)ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കിയതായി റിപ്പോർട്ട്. ജാര്‍ഖണ്ഡിലാണ് സംഭവം. ബിസിനസുകാരില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് ആണ് ആഡംബര വാഹനങ്ങള്‍ ഇവർ സ്വന്തമാക്കിയിരിക്കുന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ (പിഎല്‍എഫ്‌ഐ) പ്രവര്‍ത്തകരെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും, സംഘത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് 1.5 കോടി രൂപ വരെ വിലയുള്ള വാഹനങ്ങള്‍ ഉണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി ഈ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി ഇത്തരത്തില്‍ പോയ പിഎല്‍എഫ്‌ഐ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് 3.25 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെത്തിയ കാറുകളും ജീപ്പും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അതേസമയം ആര്യ കുമാര്‍ സിംഗ്, ഉജ്വല്‍ കുമാര്‍ സാഹു ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയ അമിര്‍ചന്ദ് കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. നിരവധി വ്യാജ സിം കാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. നിവേശ് കുമാര്‍, ശുഭം കുമാര്‍, ധ്രുവ് കുമാര്‍ എന്നിവരാണ് ബിഎംഡബ്ല്യുവിലും താര്‍ ജീപ്പിലുമായി പ്രദേശത്ത് നിന്ന് കടന്ന് കളഞ്ഞത്. പിഎല്‍എഫ്ഐ നേതാവ് ദിനേശ് ഗോപ്പിന്റെ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles