Thursday, May 2, 2024
spot_img

അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണം !ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം ! സമൂഹ മാദ്ധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇൻസ്റ്റ​ഗ്രാം, എക്സ് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. നിർമിത ബുദ്ധി ഉപയോ​ഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിൽ ഐ.ടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. മാദ്ധ്യമങ്ങളിൽ അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്..

“നിയമലംഘകരെ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന പാളിച്ച നിയമപരമായി ഇത്തതരം മാദ്ധ്യമങ്ങളുടെ പിഴവാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്. തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. നിർമിത ബുദ്ധി ഉപയോ​ഗിച്ചുണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ ഇത്തരം ഭീഷണി വർധിപ്പിക്കുന്നു. ” – കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡീപ് ഫേക്കുകള്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ആലോചിക്കുകയാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.

ഡീപ് ഫേക്കുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് .ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ നിര്‍മിക്കാന്‍ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാദ്ധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെട്ടു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന പ്രതീതിയുണ്ടാക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങളെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൻ വിവാദമായിരുന്നു. സംഭവത്തിൽ കേസെടുത്ത ദില്ലി പോലീസ്, കഴിഞ്ഞ ദിവസം ബീഹാർ സ്വദേശിയായ പത്തൊമ്പത്കാരനെ ചോദ്യം ചെയ്തു. പിന്നാലെ കത്രീന കൈഫ്, കജോള്‍ എന്നീ നടിമാരുടെയും, ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കപ്പെട്ടിരുന്നു

Related Articles

Latest Articles