Saturday, May 4, 2024
spot_img

ശ്രീരാമമന്ത്രം മുഴക്കി ഒരു കർക്കിടകമാസം കൂടിയെത്തി; വ്രതശുദ്ധിയോടെ, ഭക്തി സാന്ദ്രമായി നാടും നഗരവും; വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കുമായി ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്;

വീണ്ടും ഒരു കർക്കിടകമാസം കൂടി വന്നെത്തുകയാണ്. മനസ്സും ശരീരവും ശുദ്ധീകരിക്കാൻ മലയാളികൾക്കിത് പുണ്യമാസം. ഭക്തർ സംക്രമദീപം തെളിയിച്ച് സൂര്യഭഗവാന്റെ അനുഗ്രഹം തേടുന്ന പുണ്യദിനം. കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തിന് ശേഷം നിയന്ത്രങ്ങൾ ഒഴിവായതിനാൽ ക്ഷേത്രങ്ങളിലെല്ലാം വലിയ ഭക്തജനത്തിരക്കുണ്ട്. ഭക്തിസാന്ദ്രമായ ആചാരാനുഷ്ഠാനങ്ങൾക്ക് ഇനിയുള്ള ദിവസങ്ങളിൽ ഓരോ ഹിന്ദുഭവനവും വേദിയാകും. രണ്ടുനേരവും ശീവോതിക്ക് വിളക്ക് വയ്ക്കുക, രാമായണ പാരായണം, ദശപുഷ്പം ചൂടുക, പത്തിലക്കറി കൂട്ടുക, മത്സ്യ മാംസാദികൾ ഉപേക്ഷിച്ചുള്ള വ്രതമെടുക്കൽ തുടങ്ങിയവ കർക്കിടക മാസാചരണത്തോടുള്ള ആചാരങ്ങളുടെ ഭാഗമാണ്. പ്രസിദ്ധമായ നാലമ്പല ദർശനവും കർക്കിടകമാസ വ്രതത്തിന്റെ ഭാഗമാണ്.

അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം. മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്. മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന രമായണമാസം മലയാള ഹൈന്ദവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് 400 വര്‍ഷത്തിലേറെയായി എന്നാണ് വിശ്വാസം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ എഴുതിയ കിളിപ്പാട്ട് രാമായണമാണ് കേരളത്തില്‍ പാരായണം ചെയ്യുന്നത്. ഒരു മാസം കൊണ്ട്‌ വായിച്ചു തീര്‍ക്കേണ്ടത്‌ രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്‌. കുളിച്ച്‌ ശുദ്ധമായി ദീപം തെളിയിച്ച്‌ രാമായണം തൊട്ട്‌ വന്ദിച്ച്‌ വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച്‌ തീര്‍ക്കണമെന്നാണ്‌ സങ്കല്‍പ്പം. ഋതുക്കള്‍ക്ക്‌ ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന്‌ വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്‌. കൂടാതെ ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിന്‍റെ മാസം കൂടിയാണ്‌ കര്‍ക്കിടകം.

Related Articles

Latest Articles