Monday, May 20, 2024
spot_img

സംഘപരിവാർ അനുകൂല ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രം; മലയാളത്തിലെ ആദ്യത്തെ സമ്പൂർണ സംഘ പരിവാർ അനുകൂല ചിത്രം ‘നിശബ്ദം’ ഇനിമുതൽ യൂട്യുബിലും

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ സംഘ പരിവാർ അനുകൂല ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ‘നിശബ്ദം‘ ഇനിമുതൽ യുട്യൂബിലും മൈ ഒടിടി പ്ലാറ്റഫോമിലും ലഭ്യമാണ്. മോദി സർക്കാരിന്റെ ജനകീയമായ വിവിധ പദ്ധതികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഘപരിവാർ അനുകൂല ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണ് ‘നിശബ്ദം’.

ആവിഷ്കാര ഡിജിറ്റലിന്റെ ബാനറിൽ പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ രഘുനാഥ് എൻ ബി ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംഘ വിരുദ്ധത എങ്ങും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ, ഒരു സംഘപരിവാർ അനുകൂല ചിത്രമായതുകൊണ്ടുതന്നെ, ‘നിശബ്ദം’ തീയേറ്ററുകളൂടെ കൊമേർഷ്യൽ ആയി പ്രദർശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പല കാരണങ്ങളാൽ പരാജയപ്പെട്ട സാഹചര്യത്തിലാണ്, മലയാളത്തിലെ ആദ്യ സമ്പൂർണ സംഘ പരിവാർ ചിത്രം ജനങ്ങളിലേക്കെത്തിക്കും എന്ന ദൃഢനിശ്ചയത്തിന്റെ ഭാഗമായി പത്തോളം ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ‘നിശബ്ദം’ ഇന്നുമുതൽ യൂട്യൂബിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.

മലയാളത്തിൽ ഇറങ്ങിയിട്ടുള സ്ത്രീ പക്ഷ സിനിമകളിൽ നിന്നും വളരെയേറെ നായികാ കേന്ദ്രീകൃതമായ ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നർത്തകിയും അഭിനേത്രിയുമായ കൃഷ്ണപ്രഭയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ,ഗാനങ്ങൾ, സംഗീതം തുടങ്ങി മുപ്പതോളം ക്രെഡിറ്റുകൾ സംവിധായകനായ രഘുനാഥ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ഒരു അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമനം വരെയുള്ള സമയത്തിൽ നടക്കുന്ന സംഭവങ്ങളുടെയാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ സമയ ദൈർഘ്യത്തിനുള്ളിൽ ഇവർ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ഇവരുടെ ജീവിതയാത്രയുടെ പ്രയാസങ്ങളും സന്തോഷങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുന്നു അസാധാരണമായ നാടകീയ മുഹൂർത്തങ്ങൾക്കു പകരം പച്ചയായ ജീവിത യാഥാർഥ്യങ്ങളാണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നത്.

ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേൾഡ് ഫിലിം കാർണിവൽ സിങ്കപ്പൂർ, ഏതെൻസ് ഇന്റർനാഷണൽ ആർട്ട് ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം മേക്കേഴ്‌സ് ടാലെന്റ് അവാർഡ്, ഏഷ്യാറ്റിക് മോഷൻ പിക്ചർ അവാർഡ്‌സ് തുടങ്ങീ നിരവധി അംഗീകാരങ്ങൾ ഇതിനോടകം ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ ‘നിശബ്ദം മലയാളം സിനിമ’ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുകയോ, താഴെകൊടുത്തിട്ടുള QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യുക.

Related Articles

Latest Articles