Friday, October 16, 2026

മാൽഡയിൽ ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ സംഭവം! അന്വേഷണം എൻഐഎ ഏറ്റെടുത്തു; നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം

മാൽഡ: പശ്ചിമ ബംഗാളിലെ മാൽഡയിൽ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കെത്തിയ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒമ്പത് മണിക്കൂറോളം ബന്ദികളാക്കിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത എൻഐഎയുടെ പ്രത്യേക സംഘം ഇന്ന് മാൽഡയിലെത്തി അന്വേഷണം ആരംഭിക്കും. ക്രമസമാധാന പാലനത്തിൽ മമതാ ബാനർജി സർക്കാർ പൂർണ്ണ പരാജയമാണെന്ന് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.

മാൽഡയിലെ കാലിയാചക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ബുധനാഴ്ചയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയ്ക്കിടെ പേരുകൾ വെട്ടിമാറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഒരു മുറിക്കുള്ളിൽ തടഞ്ഞുവെച്ച പ്രതിഷേധക്കാർ അർദ്ധരാത്രിയോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ കേന്ദ്ര സുരക്ഷാ സേന എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർമാർക്ക് നേരെയുള്ള അതിക്രമം കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles