പാലക്കാട്: കാറിൽ കഞ്ചാവു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. 188 കിലോ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്. പഴയന്നൂർ കല്ലേപ്പാടം പന്തലാംകുണ്ട് വീട്ടിൽ അഭിത്ത് (24), പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ വീട്ടുപറമ്പിൽ മുഹമ്മദ് ബിലാൽ (ബിനു -37) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി രാത്രി 12.30-ന് വാളയാർ ടോൾ പ്ലാസക്ക് സമീപത്ത് വെച്ചാണ് ഇവർ പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് ടോൾ പ്ലാസക്ക് സമീപം നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്. തൃശൂർ കേന്ദ്രീകരിച്ച് വിൽപനക്കായി ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് ടോൾ പ്ലാസക്ക് സമീപമുള്ള ബസ്സ്റ്റോപ്പിൽ വെച്ച് പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
അതേസമയം ഇവരിൽ നിന്ന് രണ്ട് വടിവാളുകളും വ്യത്യസ്ത നമ്പറുകളിലുള്ള നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് 90 ലക്ഷം വിലവരുമെന്നും കഞ്ചാവ് മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികൾ ആയുധം കൈവശം വെച്ചതെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

