പഞ്ചാബ്: വീടിനു പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം അമ്മ തന്നെ വിഫലമാക്കി. ലുധിയാനയിലെ ഋഷി നഗറിലാണ് സംഭവം നടന്നത്. സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.
ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതുവെ ആളുകള്‍ വീടിനുപുറത്തു കയര്‍കട്ടിലുകളിലാണ് ഉറങ്ങാറുള്ളത് . ഋഷിനഗറിലെ വീടിനു പുറത്തുകിടന്നുറങ്ങുന്നത് മുച്ചക്ര സൈക്കിളില്‍ പോവുകയായിരുന്ന ഒരാള്‍ ശ്രദ്ധിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ് .തുടര്‍ന്നു പതുക്കെവന്നു കുട്ടിയെ തൂക്കിയെടുത്തു വണ്ടിയിലേക്ക് കിടത്താന്‍ ശ്രമിക്കുകയായിരുന്നു .എന്നാല്‍ തക്കസമയത്തു അമ്മ ഉണര്‍ന്നു ബഹളം വയ്ക്കുകയും കുട്ടിയെ വണ്ടിയില്‍ നിന്നും തിരികെയെടുത്തതോടെ പ്രതി സൈക്കിളില്‍ രക്ഷപെടുന്നതും ദൃശ്യത്തിലുണ്ട്.
ചൊവ്വാഴ്ച്ച രാത്രി ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുറകെ ബഹളം വച്ചുകൊണ്ടു മറ്റൊരു സ്ത്രീ ഓടുന്നതും കാണാം .തുടര്‍ന്നാണ് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നു പ്രതിയെപിടിച്ചത് . പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. സമാനമായ സംഭവം കഴിഞ്ഞയാഴ്ച ലുധിയാനയിലെ ശ്യാം നഗറിലെ ചേരിപ്രദേശത്തും റിപ്പോർട്ട് ചെയ്തു.

