കുറ്റിപ്പുറം: വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപത്താണ് വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഫുട്ബാള്‍ കളി കഴിഞ്ഞ് വരുന്നവരാണ് ഇദ്ദേഹത്തെ പരിക്കേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ശരീരമാകെ നായ്ക്കള്‍ ക്രൂരമായി കടിച്ചുപറിച്ച നിലയായിരുന്നു.
തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നില വഷളായതോടെ അവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സിന്ധു, വിനോദിനി, പ്രീത, മണി. ഈ പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

