Tuesday, May 7, 2024
spot_img

മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച സംഭവം; തൃശ്ശൂരിൽ വിദഗ്‍ധ സംഘത്തിന്റെ പരിശോധന; മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത് വിട്ട് കേന്ദ്രം

തൃശ്ശൂർ: മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം തൃശ്ശൂരിൽ പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരൻ ചികിത്സയിലിരുന്ന ആശുപത്രിയിലെ രേഖകൾ വിദഗ്‍ധ സംഘം പരിശോധിച്ചു കൂടാതെ യുവാവിന്റെ വീടും സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി.മീനാക്ഷി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫസർ ഡോ. നസീമുദ്ധീന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശ കെ.പി, സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ലക്ഷ്മി ജി.ജി. എന്നിവരാണ് വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, മങ്കിപോക്സ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണം എന്നതാണ് പ്രദാനമായും കേന്ദ്രം ആവശ്യപ്പെടുന്ന നി‍ർദേശം. രോഗം പകരാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു മാർഗ്ഗനിർദ്ദേശം കേന്ദ്രം മുന്നോട്ടു വച്ചത്. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കയ്യുറയും മാസ്കും ധരിക്കുക. രോഗം സ്ഥിരീകരിച്ചവർ പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം. തുടങ്ങിയ മാർഗ്ഗനിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ വച്ച് തന്നെ പരിശോധന നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നാണ് യുഎഇ സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മങ്കിപോക്സ് പ്രതിരോധത്തിൽ കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും ആരോഗ്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

Related Articles

Latest Articles