കാമുകിയെ നിരീക്ഷിക്കാനായി കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ സ്ഥാപിച്ച കാമുകൻ പിടിയിൽ. ഇയാൾക്ക് ഒൻപത് ആഴ്ച തടവ് ശിക്ഷ ലഭിച്ചെന്ന് റിപ്പോർട്ട് . ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ( 41 ) ആണ് ട്രാക്കർ സ്ഥാപിച്ചതിന് ശിക്ഷിക്കപ്പെട്ടത്.
ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്ത് ക്രിസ്റ്റഫർ കാമുകിയായിരുന്ന യുവതിയുടെ നീക്കങ്ങൾ നീരിക്ഷിച്ചു. കൂടാതെ വിശദമായി നീരിക്ഷിക്കുന്നതിനായി കാറിന് പിന്നിലെ ബമ്പറിൽ ട്രാക്കറും പിടിപ്പിച്ചു. ആപ്പിളിൽ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐ ഫോണിന് സ്ഥാനം കണ്ടെത്താൻ എളുപ്പമാണ്. ഇത് ഉപയോഗിച്ചായിരുന്നു നിരീക്ഷണം.
സ്വാൻസിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ട്രോട്‌മാൻ പത്ത് വർഷത്തിലെറെയായി പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2020 ൽ ഇരുവരും പിരിഞ്ഞു. വേർപിരിഞ്ഞതിനു ശേഷവും ക്രിസ്റ്റഫർ പരാതിക്കാരിയായ യുവതിയെ പിൻതുടരുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
പുതിയ ഐ ഫോണുമായി കാറിൽ കയറിയ യുവതിയുടെ ഫോണിൽ ആപ്പിൾ എയർടാഗിലേക്ക് കണക്റ്റ് ചെയ്യണോ എന്ന നോട്ടിഫിക്കേഷൻ വന്നു. അന്ന് യുവതി മെസെജ് അവഗണിച്ചെങ്കിലും ആ നോട്ടിഫിക്കേഷൻ ആണ് കേസിൽ നിർണായകമായത്. ഐഫോണിൽ നിരന്തരം നോട്ടിഫിക്കേഷൻ വന്നു തുടങ്ങിയതോടെയാണ് മുൻ കാമുകൻ പിടിപ്പിച്ച എയർടാഗ് കണ്ടെത്തിയത്. എയർടാഗ് തിരിച്ചറിഞ്ഞതോടെ പരാതിക്കാരി പൊലീസിനെ ബന്ധപ്പെട്ട് പരാതി നൽകുകയും എയർടാഗ് കൈമാറുകയും ചെയ്തു.

